News

5ജി ട്രയല്‍: 13 ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി ട്രയല്‍ ആരംഭിക്കുന്നു. 13 ടെലികോം കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സി-ടെലികോം വകുപ്പുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ട്രെയല്‍ നടത്തുക. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവര്‍ എറിക്സണ്‍, നോക്കിയ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് ട്രെയല്‍ നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാകും ട്രെയല്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൈനീസ് കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.

5ജി ട്രെയല്‍ നടത്തുന്നതിന് ടെലികോം കമ്പനികള്‍ക്ക് ഉപാധികളോടെ 700 മെഗാ ഹെഡ്സ് ബാന്‍ഡ് തരംഗങ്ങള്‍ ഉടന്‍ ലഭ്യമാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ട്രെയല്‍ നടത്തുന്നതിന് ചില ഉപാധികള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കും. നെറ്റ് വര്‍ക്കിന്റെ സുരക്ഷ കണക്കിലെടുത്താകും ഈ ഉപാധികള്‍. നല്‍കുന്ന ബാന്‍ഡുകള്‍ ട്രെയലിന് മാത്രം ഉപയോഗിക്കാം. മറ്റു വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം താക്കീത് ചെയ്യും. ഉപാധി ലംഘിച്ചാല്‍ കടുത്ത നടപടി ടെലികോം കമ്പനികള്‍ക്കെതിരെ സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

5ജി ട്രെയലിന് സഹായിക്കാന്‍ വേണ്ട കമ്പനികളുടെ പട്ടിക നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കൊറിയയുടെ സാംസാങ് ആണ് ജിയോ നിര്‍ദേശിച്ചത്. കൂടാതെ ഫിന്‍ലാന്റിന്റെ നോക്കിയ, സ്വീഡന്റെ എറിക്സണ്‍, സ്വന്തം സാങ്കേതിക വിദ്യ എന്നിവയും ജിയോ നിര്‍ദേശിച്ചിരുന്നു. ഭാരതി എയര്‍ടെലും വൊഡാഫോണ്‍ ഐഡിയയും നോക്കിയയെയും എറിക്സണെയുമാണ് നിര്‍ദേശിച്ചത്. അമേരിക്ക കേന്ദ്രമായുള്ള മവനിറിനെയും വൊഡാഫോണ്‍ നിര്‍ദേശിച്ചിരുന്നു.

Author

Related Articles