പാമോയില്‍ വില കുറയും; ആശ്വാസ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
കുതിച്ചുയരുന്ന പാചക എണ്ണയുടെ വില കുറയ്ക്കാന്‍ നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. പാമോയിലിന്റെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വിപണികളിലെ വിലക്കയറ്റം കുറയ്ക്കുന്നതിനുമായി നികുതിയിലാണ് കുറവ് വരുത്തിയത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ശുദ്ധീകരിച്ച പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 17.5 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായാണു കുറച്ചത്. സര്‍ക്കാര്‍ നടപടി പാമോയില്‍ വന്‍തോതില്‍ ഉപയോഗിക്കുന്ന ഹോട്ടല്‍, റസ്റ്റോറന്റ് ബിസിനസുകള്‍ക്കു വലിയ ആശ്വാസമാകും. പാമൊയില്‍ വില കുറയുന്നതോടെ വെളിച്ചെണ്ണ, വനസ്പതി എന്നിവയുടെ വിലയിലും കുറവുണ്ടായേക്കുമെന്നാണു വിലയിരുത്തല്‍.
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതോടെ, ശുദ്ധീകരിച്ച പാമോയിലിനും പാമോലിനും ബാധകമായ ലെവി (സാമൂഹിക ക്ഷേമ സെസ് ഉള്‍പ്പെടെ) 19.25 ശതമാനത്തില്‍ നിന്ന് 13.75 ശതമാനമായി കുറയുമെന്നു സോള്‍വെന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡാണ് പാമോയിലിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നകാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച നിലക്കടല എണ്ണയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 181.48 രൂപ, കടുകെണ്ണ കിലോയ്ക്ക് 187.43 രൂപ, വനസ്പതി കിലോയ്ക്ക് 138.5 രൂപ, സോയാബീന്‍ എണ്ണ കിലോയ്ക്ക് 150.78 രൂപ, സൂര്യകാന്തി എണ്ണ കിലോയ്ക്ക് 163.18 രൂപ, പാമോയിലിന് 129.94 രൂപ എന്നിങ്ങനെയാണ്.
റിഫൈനറികള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുവായ ക്രൂഡ് പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാതെ ശുദ്ധീകരിച്ച പാമോയിലിന്റെ നികുതി കുറച്ചത് ഇറക്കുമതി വര്‍ധിക്കാന്‍ കാരണമാകുമെന്നും ഇതു ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനത്തിനു വിരുദ്ധമാണെന്നും സോള്‍വെന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അതുല്‍ ചതുര്‍വേദി പറഞ്ഞു. ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുറയുന്നതിനും മൂല്യവര്‍ധനവിനും നടപടി ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുദ്ധീകരിച്ച പാമോയിലിന്റെ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതിനു പുറമേ, 2022 ഡിസംബര്‍ വരെ ഒരു വര്‍ഷത്തേക്ക് കൂടി ലൈസന്‍സില്ലാതെ ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ വ്യാപാരികളെ അനുവദിക്കാനും സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിച്ചു.
ക്രൂഡ് പാമോയിലിന്റെയും മറ്റ് ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും പുതിയ ഡെറിവേറ്റീവ് കരാറുകള്‍ ആരംഭിക്കുന്നതിന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയതും ഈ ഘട്ടത്തില്‍ കൂട്ടി വായിക്കേണ്ടതുണ്ട്. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്ന് നില്ക്കുന്ന സമയത്താണ് ഈ നടപടികളെല്ലാം നടപ്പാക്കിയിരിക്കുന്നത്. ഭക്ഷ്യ എണ്ണവിലക്കയറ്റം നിയന്ത്രിക്കുന്നതിനായി, ഈ വര്‍ഷം ശുദ്ധീകരിച്ചതും അസംസ്കൃതവുമായ ഭക്ഷ്യ എണ്ണകളുടെയും ഇറക്കുമതി തീരുവ സര്‍ക്കാര്‍ നിരവധി തവണ വെട്ടിക്കുറച്ചിരുന്നു. ഒക്ടോബര്‍ 14-നാണ് സര്‍ക്കാര്‍ അവസാനമായി ഇറക്കുമതി തീരുവ കുറച്ചത്.
മൊത്തം ആവശ്യമായ എണ്ണയുടെ 65 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 22- 22.5 ദശലക്ഷം ടണ്‍ വരുമിത്. കഴിഞ്ഞ രണ്ട് വിപണന വര്‍ഷങ്ങളില്‍ (നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെ), കോവിഡ് മൂലം ഇറക്കുമതി ചെയ്ത എണ്ണയുടെ അളവ് ഏകദേശം 13 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. ഇറക്കുമതി വര്‍ധിക്കുന്നത് രാജ്യത്തിന്റെ ബാലന്ഷിറ്റിനും വളര്‍ച്ചയ്ക്കും തിരിച്ചടിയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍