News

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അധികമായി 2 ലക്ഷം കോടി രൂപ കൂടി ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനും ജനങ്ങളുടെ ദുരിതം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം കോടി രൂപ കൂടി അധികമായി ചെലവഴിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തികവര്‍ഷം തന്നെ തുക ചെലവഴിക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതുവഴി ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്രത്തിന് ഉണ്ടായതായാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചത്. നടപ്പുസാമ്പത്തികവര്‍ഷം തന്നെ രണ്ടുലക്ഷം കോടി രൂപ കൂടി ചെലവഴിച്ച് ജനങ്ങളുടെ പ്രയാസം കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.

നടപ്പു സാമ്പത്തികവര്‍ഷം വളത്തിന് സബ്സിഡി നല്‍കാന്‍ 50,000 കോടി രൂപ കൂടി അധികമായി വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ വളത്തിന് സബ്സിഡി നല്‍കാന്‍ 2.15 ലക്ഷം കോടി രൂപയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ അസംസ്‌കൃത എണ്ണ വില വീണ്ടും ഉയരുകയാണെങ്കില്‍ നാണ്യപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ വീണ്ടും എക്സൈസ് നികുതിയില്‍ കുറവ് വരുത്താന്‍ കേന്ദ്രം തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നടപ്പുസാമ്പത്തികവര്‍ഷം ഇനിയും എക്സൈസ് നികുതിയില്‍ കുറവു വരുത്തിയാല്‍ വീണ്ടും ഒരു ലക്ഷം കോടി രൂപ മുതല്‍ ഒന്നര ലക്ഷം കോടി രൂപയുടെ വരെ നഷ്ടം കേന്ദ്രത്തിന് ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നികുതി വരുമാനത്തിലെ കുറവ് നികത്താന്‍ അധിക തുക വിപണിയില്‍ നിന്ന് കടമെടുക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷം 14.31 കോടി രൂപ കടമെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ബജറ്റില്‍ പറയുന്നത്.

Author

Related Articles