News

ഉഡാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 235 പുതിയ സെക്ടറുകള്‍ക്ക് കൂടി അനുമതി; 18 റൂട്ടുകളില്‍ സീപ്ലൈന്‍സ്

ചെലവുകുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രാദേശിക എയര്‍ കണക്ടിവിറ്റി (ഉഡാന്‍) പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 235 പുതിയ സെക്ടറുകള്‍ കൂടി വരുന്നു. 16 പുതിയ സര്‍വീസുകളും ആറ്  എയറോഡ്രോമുകളും ബന്ധിപ്പിക്കും. 18 റൂട്ടുകളിലായി സീപ്ലൈന്‍സ് പറന്നുയരും. രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ വിമാന യാത്ര യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഉഡാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് പുതിയ സെക്ടറുകള്‍ക്ക് അനുമതി നല്‍കിയത്. 

വാര്‍ഷിക അടിസ്ഥാനത്തില്‍ 235 റൂട്ടുകളിലായി 69.30 ലക്ഷം സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഒരു ലക്ഷത്തിലേറെ സീറ്റുകള്‍ സീപ്ലൈനുകളിലൂടെ ആയിരിക്കും. കൂടാതെ, ഗുവാഹത്തിയില്‍ നിന്നും ധാക്ക, ബാങ്കോക്ക് എന്നിവിടങ്ങളില്‍ നിന്നും ഉഡാന്‍ വിമാനങ്ങള്‍ സ്‌പൈസ്‌ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ റൂട്ടുകള്‍ ലഭിച്ചിരിക്കുന്നതും സ്‌പൈസ് ജെറ്റിനാണ്. 

ഇന്‍ഡിഗോയ്ക്ക് 12 റൂട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എയര്‍ഇന്ത്യയുടെ സബ്‌സിഡിയറി ആയ അലയന്‍സ് എയര്‍, ആന്‍ഡമാന്‍ എയര്‍വേയ്‌സ്, ഏവിയേഷന്‍ കണക്ടിവിറ്റി, ഗോധാവത് എന്റര്‍പ്രൈസസ്, ഹെറിറ്റേജ് ഏവിയേഷന്‍, ജെറ്റ് എയര്‍വേയ്‌സ്, ടര്‍ബോ ഏവിയേഷന്‍, മേഘ എയര്‍വേയ്‌സ്, സെക്‌സസ് എയര്‍സര്‍വീസസ് തുടങ്ങിയവയ്ക്കാണ് സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടുള്ളത്.

 

Author

Related Articles