News

ജിഎസ്ടി സ്ലാബുകളുടെ എണ്ണം കുറച്ചേക്കും; തീരുമാനം മാര്‍ച്ചില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ നിലവിലുള്ള സ്ലാബുകളുടെ എണ്ണം കുറച്ചേക്കും. 12 ശതമാനം, 18 ശതമാനം നികുതികള്‍ ഒരൊറ്റ സ്ലാബില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അഞ്ചാം ധനകാര്യ കമ്മീഷന്റെയും ചില സംസ്ഥാനങ്ങളുടെയും ആവശ്യം പരിഗണിച്ചാണിത്. മാര്‍ച്ചില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

നിലവില്‍ 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉള്ളത്. ഇതുകൂടാതെ വിവിധ സെസുകളും ഈടാക്കുന്നുണ്ട്. സ്ലാബുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി 12 ശതമാനത്തിനും 18 ശതമാനത്തിനും ഇടയ്ക്കുള്ള നിരക്കായിരിക്കും നശ്ചിയിക്കുക. അതോടെ നിലവില്‍ 12 ശതമാനം സ്ലാബിലുള്ള ചരക്കുകളുടെ നികുതിയില്‍ വര്‍ധനവുണ്ടാകും.

അതേസമയം 18 ശതമാനം നികുതിയീടാക്കുന്ന ഉത്പന്നങ്ങളുടെ നിരക്കില്‍ കുറവുണ്ടാകുകയും ചെയ്യും. നെയ്യ്, വെണ്ണ, ചീസ്, കണ്ണട തുടങ്ങിയവയുടെ വില വര്‍ധിച്ചേക്കും. സോപ്പ്, അടുക്കള ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ വില കുറയുകയും ചെയ്യും. എന്നാല്‍ ഇനം തിരിച്ചുള്ള നികുതി നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം പ്രത്യേക സമതിയുടെ അനുമതിയോടെ മാത്രമെ ഉണ്ടാകൂ.

Author

Related Articles