News

പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനമായി നിജപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അസംസ്‌കൃത പാമോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ പത്ത് ശതമാനമായി നിജപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതിലൂടെ രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ റീടെയ്ല്‍ വില കുറയ്ക്കാന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് ആണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്‌കരിച്ച പാമോയിന്റെ ഇറക്കുമതി തീരുവ പുതിയ വിജ്ഞാപനം പ്രകാരം 37.5 ശതമാനമാണ്. 

സെസും മറ്റ് നിരക്കുകളും കൂടി ചേരുമ്പോള്‍ അസംസ്‌കൃത പാമോയിലിന് മുകളില്‍ 30.25 ശതമാനമായിരിക്കും ആകെ നികുതി. സംസ്‌കരിച്ച പാമോയിലിന് അതേസമയം 41.25 ശതമാനം നികുതി നല്‍കേണ്ടി വരും. നിലവില്‍ അസംസ്‌കൃത പാമോയിലിന് മുകളില്‍ 15 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ. അതേസമയം മറ്റ് കാറ്റഗറികളില്‍ 45 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ.

കഴിഞ്ഞ വര്‍ഷം ഭക്ഷ്യ എണ്ണയുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായിരുന്നു. ഇപ്പോഴത്തെ നികുതിയിളവും കാര്യമായ വിലക്കുറവ് ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്ത്യയിലെ പാമോയില്‍ ഇറക്കുമതി മെയ് മാസത്തില്‍ 48 ശതമാനം വര്‍ധിച്ചതായി വ്യവസായ സംഘടനയായ എസ്ഇഎ പറയുന്നു. 769602 ടണ്ണായിരുന്നു ആകെ ഇറക്കുമതി ചെയ്തത്.

Author

Related Articles