News

സെബിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് ഇനിയും അജയ് ത്യാഗി തന്നെ; കാലാവധി 18 മാസം കൂടി നീട്ടി

മുംബൈ: സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്ത് അജയ് ത്യാഗിയുടെ കാലാവധി 18 മാസം കൂടി നീട്ടി. കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇതോടെ 2017 മാര്‍ച്ചില്‍ തുടങ്ങിയ മൂന്ന് വര്‍ഷത്തേക്കുള്ള നിയമനം രണ്ട് വര്‍ഷത്തേക്ക് കൂടി നീളും. കോവിഡിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ ധനകാര്യ രംഗം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ കാലത്ത് സെബിയുടെ തലപ്പത്ത് ഒരു സ്ഥാനമാറ്റം വരുത്തി, തീരുമാനങ്ങളില്‍ കാലതാമസം വരുത്താന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ത്യാഗി. ഇതോടെ സെബിയുടെ തലപ്പത്ത് അദ്ദേഹത്തിന്റെ കാലാവധി 2022 ഫെബ്രുവരി 28 ന് മാത്രമേ അവസാനിക്കൂ. ഫെബ്രുവരിയില്‍ അദ്ദേഹത്തിന്റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നത്.

സെബി തലപ്പത്ത് ത്യാഗിയുടെ പ്രവര്‍ത്തനം വളരെ മികച്ചതായാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. നിരവധി നയപരമായ മാറ്റങ്ങള്‍ അദ്ദേഹം തന്റെ ഭരണകാലത്ത് നടപ്പിലാക്കിയിട്ടുണ്ട്. കോര്‍പ്പറേറ്റുകളും ഈ തീരുമാനത്തില്‍ സന്തുഷ്ടരാണ്.

News Desk
Author

Related Articles