News

ആദായനികുതി പോര്‍ട്ടലിന്റെ സാങ്കേതികപ്പിഴവുകള്‍ പരിഹരിച്ചു; റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31ലേക്ക് നീട്ടി

ന്യൂഡല്‍ഹി: പുതിയ ആദായനികുതി പോര്‍ട്ടലിന്റെ സാങ്കേതികപ്പിഴവുകള്‍ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020-21 സാമ്പത്തികവര്‍ഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകള്‍ ഇതിനകം സമര്‍പ്പിച്ചുകഴിഞ്ഞതായും വ്യക്തമാക്കി. അതിനിടെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി സെപ്റ്റംബര്‍ 30ല്‍ നിന്ന് ഡിസംബര്‍ 31ലേക്ക് നീട്ടി.

സെപ്റ്റംബര്‍ ഏഴുവരെയുള്ള കണക്കു പ്രകാരം 8.83 കോടി നികുതിദായകര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ഈ മാസം മാത്രം പ്രതിദിനം ശരാശരി 15.55 ലക്ഷം സന്ദര്‍ശകരുണ്ട്. പ്രതിദിന റിട്ടേണ്‍ സമര്‍പ്പണം 3.2 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ ഏഴിനാണ് പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ചത്. തകരാറുകള്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസുമായി കേന്ദ്രധനമന്ത്രാലയം എല്ലാ ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസില്‍ എഴുനൂറിലേറെ പേര്‍ ഈ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 164 കോടി രൂപ ചെലവിട്ട് തയ്യാറാക്കിയ പുതിയ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം തുടക്കത്തില്‍ ആകെ താറുമാറായതിനെത്തുടര്‍ന്ന് ഇന്‍ഫോസിസിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സിഇഒ സലില്‍ പരേഖിനെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കടുത്ത അതൃപ്തിയും ആശങ്കയുമറിയിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 15-നകം പിഴവുകള്‍ പരിഹരിക്കണമെന്ന അന്ത്യശാസനവും നല്‍കി.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂലായ് 31-ല്‍ നിന്ന് സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്ന് ഭൂരിഭാഗത്തിനും റിട്ടേണ്‍ സമര്‍പ്പിക്കാനാവാത്ത സാഹചര്യത്തില്‍ തീയതി നീട്ടാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം ആദായനികുതി പോര്‍ട്ടലിലെ തകരാറിന്റെ പേരില്‍ ഇന്‍ഫോസിസ് കമ്പനി ദേശദ്രോഹം നടത്തുകയാണെന്ന നിശിതവിമര്‍ശനവുമായി ആര്‍എസ്എസ് അനുകൂലവാരിക 'പാഞ്ചജന്യ' മുഖലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ ന്യായീകരിച്ച് സംഘടനാ ജോയന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ രംഗത്തെത്തിയിരുന്നു.

Author

Related Articles