News

എല്‍ഐസി ഐപിഒ കൈകാര്യം ചെയ്യാന്‍ 10 നിക്ഷേപക ബാങ്കുകള്‍

മുംബൈ: എല്‍ഐസിയുടെ ഐപിഒ കൈകാര്യം ചെയ്യാനായി 10 നിക്ഷേപക ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു. ഗോള്‍ഡ്മാന്‍ സാഷെ, സിറ്റി ഗ്രൂപ്പ്, കൊടക് മഹീന്ദ്ര, എസ്ബിഐ കാപ്‌സ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ആക്‌സിസ് കാപിറ്റല്‍, നോമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെപി മോര്‍ഗന്‍ ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ് പട്ടികയിലുള്ളത്.

ആകെ 16 നിക്ഷേപക ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയുടെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയിരുന്നത്. എല്‍ഐസി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ജൂലായിലാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. പത്തു ശതമാനം വരെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിസഭാ സമിതിയുടെ തീരുമാനം ഉടനുണ്ടായേക്കും. പത്തുശതമാനം ഓഹരികള്‍ക്ക് ഒന്നുമുതല്‍ ഒന്നരലക്ഷം കോടി രൂപവരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തില്‍ രണ്ടുഘട്ടമായിട്ടാവും ഓഹരി വില്‍പ്പനയെന്നും സൂചനകളുണ്ട്.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഐപിഒ നടത്താനാണ് നടപടികള്‍ പുരോഗമിക്കുന്നത്. 34 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ ഉള്ള എല്‍ഐസിക്ക് സിങ്കപ്പൂരില്‍ ഒരു ഉപകമ്പനികൂടിയുണ്ട്. കൂടാതെ ബഹ്‌റൈന്‍, കെനിയ, ശ്രീലങ്ക, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ സംയുക്ത സംരംഭങ്ങളുമുണ്ട്.

Author

Related Articles