News

നിക്ഷേപം ലക്ഷ്യം; പൊതുമേഖല സ്ഥാപനങ്ങളുടെ വിപണിമൂല്യം കണക്കാക്കും

ന്യൂഡല്‍ഹി: ഭൂമി ഉള്‍പ്പടെയുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യം പുനര്‍നിര്‍ണയിക്കാന്‍ പൊതുമേഖല സ്ഥാപനങ്ങളോട് സര്‍ക്കാര്‍. കൈവശമുള്ള ഭൂമി, റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ വിപണിമൂല്യം കണക്കാക്കിയാകും കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ ഉള്‍പ്പെടുത്തുക.

ആസ്തിമൂല്യം ഉയരുന്നതോടെ നിക്ഷേപക താല്‍പര്യം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. സമാനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോടൊപ്പം പൊതുമേഖലയിലെ കമ്പനികളെയും കൊണ്ടുവരുന്നതിനാണ് ഈ തീരുമാനം. മൂല്യവര്‍ധിക്കുമ്പോള്‍ ഓഹരി വിലയില്‍ മുന്നേറ്റവുമുണ്ടാകുമെന്നാണ് പ്രതീക്ഷ.

വര്‍ഷങ്ങളായി കമ്പനികളുടെ വസ്തുവകകളുടെ ആസ്തി പഴയതുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിയുടെയും റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെയും വിപണി വില ചേര്‍ക്കുന്നതോടെ മൂല്യത്തില്‍ വന്‍വര്‍ധനവുണ്ടാകും. കമ്പനികളുടെ മൊത്തം ആസ്തി മൂല്യത്തില്‍ വര്‍ധനവുണ്ടാകുന്നതോടെ ചെറുകിട-വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാന സ്ഥലങ്ങളില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വസ്തുവകകളുണ്ടെങ്കിലും കുറഞ്ഞമൂല്യത്തിലാണ് ഇപ്പോഴും അവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാരത് ഹെവി ഇല്ക്ട്രിക്കല്‍(ബിഎച്ച്ഇഎല്‍)സിന്റെ മൂല്യം വര്‍ഷങ്ങളായി താഴ്ന്നുകിടക്കുകയാണ്. യഥാര്‍ഥമൂല്യം പ്രഖ്യാപിക്കുന്നതോടെ കമ്പനിയുടെ ഓഹരി മൂല്യം താഴ്ന്ന നിലവാരത്തിലാണെന്ന് ബോധ്യപ്പെടുകയും നിക്ഷേപക താല്‍പര്യം കൂടാനിടയാക്കുകയും ചെയ്യും. കൂടുതല്‍ നിക്ഷേപം ആര്‍കര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ആസ്തികളുടെ പുനര്‍മൂല്യനിര്‍ണയും സാധാരണയായി നടത്താറുള്ളത്. മൂല്യമുയരുന്നതോടെ സ്വകാര്യമേഖലയിലെ കമ്പനികളോടൊപ്പം മത്സരിക്കാന്‍ പല പൊതുമേഖല സ്ഥാപനങ്ങള്‍ക്കുമാകുമെന്നാണ് വിലയിരുത്തല്‍.

Author

Related Articles