News

വെന്റിലേറ്ററുകളുടെ കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: എല്ലാവിധ വെന്റിലേറ്ററുകളുടെയും കയറ്റുമതിക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. ആഗോളതലത്തില്‍ വെന്റിലേറ്ററുകളുടെ ഇപ്പോഴത്തെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ അവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് നടപടി. മാര്‍ച്ച് 24 നാണ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് വെന്റിലേറ്റര്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കൊറോണ വൈറസ് ലോകമാകെ വന്‍തോതില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തിലായിരുന്നു തീരുമാനം.

ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

രാജ്യത്ത് നിലവില്‍ 20 ഓളം വെന്റിലേറ്റര്‍ നിര്‍മ്മാതാക്കളാണ് ഉള്ളത്. കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് ഭീഷണിയായ ആദ്യ ഘട്ടത്തില്‍ തന്നെ വെന്റിലേറ്ററുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതോടെ വെന്റിലേറ്റര്‍ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. വെന്റിലേറ്റര്‍ കയറ്റുമതി സാധ്യമായാല്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ആഗോള തലത്തില്‍ മികച്ച നേട്ടമുണ്ടാക്കാനാവും എന്നാണ് പ്രതീക്ഷ.

Author

Related Articles