News

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിനെ സ്വകാര്യവത്കരിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിനെ സ്വകാര്യവത്കരിക്കുന്നു. രണ്ട് സ്വകാര്യ ബാങ്കുകള്‍, ഒരു ഇന്‍ഷറന്‍സ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങള്‍ എന്നിങ്ങനെ സ്വകാര്യവത്കരണ പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.

ബാങ്കുകള്‍ ഏതെക്കെയാണെന്ന് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. അതിനുപിന്നാലെയാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പേരുകൂടി പുറത്തുവരുന്നത്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ കാര്യത്തിലും ഉടനെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് ഇന്ത്യയെക്കൂടാതെ ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നിവയും പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളാണ്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് ബജറ്റില്‍ 75ശതമാനമായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ 1.75ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ മെഗാ ഐപിഒ അടുത്ത സാമ്പത്തികവര്‍ഷംതന്നെയുണ്ടോകും.

News Desk
Author

Related Articles