News

ആഭ്യന്തര വിപണിയ്ക്ക് ആശ്വാസം: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിരോധിച്ചു

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിയാണ് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിരോധിച്ചത്. അതേസമയം ഈ വിജ്ഞാപനം പുറപ്പെടുവിച്ച തീയതിയിലോ അതിനുമുമ്പോ കരാര്‍ നല്‍കിയിട്ടുള്ള കയറ്റുമതികള്‍ അനുവദിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി)  അറിയിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ആഗോള വിപണിയില്‍ ഗോതമ്പിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിരുന്നു. ഭക്ഷ്യധാന്യത്തിന്റെ പ്രധാന കയറ്റുമതിക്കാരായ റഷ്യയും യുക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം ആഗോള ഗോതമ്പ് വിതരണത്തില്‍ തടസ്സം നേരിട്ട സാഹചര്യത്തിലാണ് കയറ്റുമതി നിരോധനം.

തല്‍ക്കാലത്തേക്ക് മാത്രമാണ് ഈ കയറ്റുമതി നിരോധനം. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായാല്‍ അതാത് സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര അനുമതിയോടെ കയറ്റുമതി അനുവദിക്കുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ശക്തമായ ആഗോള ഡിമാന്‍ഡ് കാരണം 2021-22 ല്‍ ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി 7 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഗോതമ്പ് കയറ്റുമതിയുടെ 50 ശതമാനം കയറ്റുമതിയും ബംഗ്ലാദേശിലേക്കായിരുന്നുവെന്ന് ഡിജിഎഫ്ടി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 130,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 963,000 ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്തു.

2022-23ല്‍ 10 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മൊറോക്കോ, ടുണീഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, തുര്‍ക്കി, അള്‍ജീരിയ, ലെബനന്‍ എന്നീ ഒമ്പത് രാജ്യങ്ങളിലേക്ക് ഇന്ത്യ വ്യാപാര പ്രതിനിധി സംഘങ്ങളെ അയയ്ക്കുമെന്ന് വാണിജ്യ മന്ത്രാലയം അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലെ ഗോതമ്പ് വാങ്ങുന്നത് 44 ശതമാനം ഇടിഞ്ഞ് 16.2 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 28.8 ദശലക്ഷം ടണ്‍ ഗോതമ്പ് സര്‍ക്കാര്‍ സംഭരിച്ചിരുന്നു. ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് റാബി മാര്‍ക്കറ്റിംഗ് സീസണ്‍. കയറ്റുമതിക്കുള്ള ധാന്യത്തിന്റെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം താങ്ങുവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യ കമ്പനികള്‍ ഗോതമ്പ് വാങ്ങി. 2022-23 വിപണന വര്‍ഷത്തില്‍ 44.4 ദശലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുന്‍ വിപണന വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന സംഭരണം 43.34 ദശലക്ഷം ടണ്ണാണ്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്. റൊട്ടി, ബിസ്‌കറ്റ് എന്നിവ ഉണ്ടാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് ഗോതമ്പാണ്. കൂടാതെ തുണിമില്ലുകളിലെ ആവശ്യത്തിനുള്ള സ്റ്റാര്‍ച്ച് ഉത്പാദിപ്പിക്കാന്‍ ഗോതമ്പ് വ്യാപകമായി ഉപയോഗിക്കുന്നു. മാത്രമല്ല, ഗോതമ്പുതവിട് പ്രധാന കാലിത്തീറ്റയാണ്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായിട്ടുപോലും ഇന്ത്യയില്‍ കഴിഞ്ഞ മാസം ഗോതമ്പ് വില ആശങ്കയുളവാക്കുന്ന വിധത്തിലാണ് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു അത്. ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇനിയും കയറ്റുമതി തുടര്‍ന്നാല്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും നേരിടേണ്ടി വരുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Author

Related Articles