News

ജിഎസ്ടി നഷ്ടപരിഹാരം: 13 ഗഡുവായി സംസ്ഥാനങ്ങള്‍ക്ക് 6000 കോടി രൂപ വിതരണം ചെയ്തു

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് പതിമൂന്നാമത് ഗഡുവായി 6000 കോടി രൂപ വിതരണം ചെയ്തു. ഇതില്‍ 5,516.60 കോടി രൂപ ജിഎസ്ടി കൗണ്‍സില്‍ അംഗമായ 23 സംസ്ഥാനങ്ങള്‍ക്കും 483.40 കോടി രൂപ നിയമസഭയുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു( ഡല്‍ഹി, ജമ്മുകാശ്മീര്‍, പുതുച്ചേരി)മാണ് നല്‍കിയത്.

എന്നാല്‍ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,മിസോറം, നാഗാലാന്‍ഡ്,സിക്കിം എന്നീ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നടപ്പാക്കിയതിലൂടെ വരുമാനനഷ്ടം ഉണ്ടായിട്ടില്ല. ഇതുവരെ കണക്കാക്കിയിട്ടുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 70 ശതമാനവും സംസ്ഥാനങ്ങള്‍ക്കും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

ജി എസ് ടി നഷ്ടപരിഹാരത്തിനായി ഓപ്ഷന്‍ ഒന്ന് സ്വീകരിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക്, സംസ്ഥാന ജിഡിപിയുടെ 0.50% തുല്യമായ തുക അധികമായി വായ്പ എടുക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഓപ്ഷന്‍ ഒന്ന് ആണ് സ്വീകരിച്ചിരിക്കുന്നത്. അധിക വായ്പ എടുക്കുന്നതിനായുള്ള മുഴുവന്‍ തുകയും (1,06,830 കോടി രൂപ) 28 സംസ്ഥാനങ്ങള്‍ക്കും നല്‍കി കഴിഞ്ഞു.

Author

Related Articles