News

ഏതു നിമിഷവും പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്ന നിലയില്‍ വോഡാഫോണ്‍ ഐഡിയ; സര്‍ക്കാരിന് നഷ്ടം 1.6 ലക്ഷം കോടി രൂപ

രാജ്യത്തെ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട് വോഡാഫോണ്‍ ഐഡിയ. കനത്ത ബാധ്യത നേരിടുന്ന കമ്പനി ഏതു നിമിഷവും പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാമെന്നാണ് വ്യവസായലോകത്തിന്റെ വിലയിരുത്തല്‍. വോഡാഫോണ്‍ ഐഡിയ തകര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാരിനാകും കൂടുതല്‍ നഷ്ടം. സ്പെക്ട്രം ഫീസിനിത്തിലും എജിആര്‍ കുടിശ്ശികയിനത്തിലും കമ്പനി സര്‍ക്കാരിന് നല്‍കാനുള്ളത് 1.6 ലക്ഷം കോടി രൂപയാണ്. ബാങ്കുകള്‍ക്ക് നല്‍കാനുള്ളതാകട്ടെ 23,000 കോടി രൂപയുമാണ്. വായ്പയിലേറെയും പൊതുമേഖല ബാങ്കുകളില്‍നിന്നെടുത്തവയുമാണ്.

കമ്പനിയുടെ നിലവിലുള്ള മൊത്തം കടബാധ്യത 1.8 ലക്ഷം കോടി രൂപയാണ്. മാര്‍ച്ച് പാദത്തില്‍ 7,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പണലഭ്യത കുറഞ്ഞതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനംതന്നെ പ്രതിസന്ധിയിലാണ്. ഓരോ ഉപഭോക്താവില്‍നിന്നും കമ്പനിക്ക് ലഭിക്കുന്ന ശരാശരി വരുമാനം 107 രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റ് കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ തുകയാണിത്. റിലയന്‍സ് ജിയോക്ക് ഈയിനത്തില്‍ 138 രൂപയും ഭാരതി എയര്‍ടെലിന് 145 രൂപയുമാണ് ലഭിക്കുന്നത്. കുറഞ്ഞത് 200 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമെ കുടിശ്ശിക തീര്‍ത്ത് ടെലികോം കമ്പനികള്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍.

കമ്പനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച ആശങ്ക പ്രൊമോട്ടര്‍മാര്‍ നേരത്തെതന്നെ പ്രകടിപ്പിച്ചിരുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കമ്പനിയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിസമ്മതിക്കുകയും സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. ദിനംപ്രതി നഷ്ടം കുമിഞ്ഞു കൂടുന്ന സാഹചര്യമാണുള്ളത്. സമീപഭാവിയിലൊന്നും പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സാധ്യതയില്ലെന്നാണ് ഗോള്‍ഡ്മാന്‍ സാച്സിന്റെ വിലിയരുത്തല്‍. വരുന്ന ഡിസംബറിനും ഏപ്രിലിനുമിടയില്‍ എജിആര്‍ കുടിശ്ശിക, സ്പെക്ട്രം എന്നിവയിനത്തില്‍ 22,500 കോടി രൂപയെങ്കിലും കമ്പനിക്ക് കണ്ടെത്തേണ്ടി വരും.

Author

Related Articles