News

പാചക വാതകവില ഇനിയും കൂടും, സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രത്തിന്റെ ആലോചന; എല്ലാമാസവും വിലവര്‍ധനക്കും ശിപാര്‍ശ

ന്യൂദല്‍ഹി: രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചടി നല്‍കി കുതിക്കുന്ന പാചകവാതക വില ഭാവിയിലും വില്ലനാകുമെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഓരോ മാസവും പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാനാണ് പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും സബ്‌സിഡിയില്ലാതാക്കിയ അതേരീതിയില്‍ പാചക വാതകത്തിന്റെ സബ്‌സിഡിയും എടുത്തുകളഞ്ഞേക്കും. ഓരോ മാസവും സിലിണ്ടറിന് നാല് മുതല്‍ അഞ്ച് രൂപാവരെ വര്‍ധിപ്പിക്കും. ഇതിനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2019 ജൂലൈ മാസത്തിനും 2020 ജനുവരി മാസത്തിനും ഇടയില്‍ 63 രൂപയാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചത്. ഒമ്പത് രൂപാവീതം മാസം വര്‍ധിപ്പിക്കുകയായിരുന്നു. നിലവില്‍ പന്ത്രണ്ട് സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ ഓരോ വീട്ടിലേക്കും വാങ്ങാവുന്നതാണ്. അതിന് മുകളില്‍ ആവശ്യമായി വരുന്നവക്ക് വിപണി വില നല്‍കണം. എന്നാല്‍ നിരക്ക് പതിയെ വര്‍ധിപ്പിച്ച് കേന്ദ്രത്തെ സബ്‌സിഡി ബാധ്യതയില്‍ നിന്ന് പൂര്‍ണമായും അകറ്റാനാണ് നീക്കം. ഇത് നടപ്പായാല്‍ സാധാരണക്കാരന്‍ ഒരു വര്‍ഷം പന്ത്രണ്ട് സിലിണ്ടറിനും കൂടി വിപണി വില നല്‍കേണ്ടി വരും. പ്രതിമാസ വര്‍ധനവിന് പുറമേ ഓരോ മൂന്ന് മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വര്‍ധനവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Author

Related Articles