News

രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരണത്തിലേക്ക്; ബില്‍ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരണത്തിനുള്ള ബില്‍ ഈ സമ്മേളനകാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്ററല്‍ ബാങ്ക് എന്നിവയുടെ സ്വകാര്യവല്‍ക്കരണമായിരിക്കും നടപ്പിലാക്കുക. ഇതിനായി ബാങ്കിങ് നിയമഭേദഗതി ബില്‍ കൊണ്ട് വരും.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് എന്നിവയില്‍ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുക.

2021-22 വര്‍ഷത്തെ ബജറ്റില്‍ രണ്ട് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതിനൊപ്പം പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഭേദഗതി ബില്ലും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരും. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റിനെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്നും വേര്‍പ്പെടുത്താനാണ് ബില്‍.

Author

Related Articles