News

മുത്തൂറ്റ് മൈക്രോഫിനാന്‍സില്‍ 375 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തി ജിപിസി

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍, 375 കോടി രൂപയുടെ (50 മില്യണ്‍ ഡോളര്‍) 'സീരീസ്-സി' ഓഹരി നിക്ഷേപം നടത്തി ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ (ജിപിസി). 2022 ജൂണില്‍ കമ്പനിയുടെ ഓപ്ഷനില്‍,150 കോടി രൂപയുടെ അധികനിക്ഷേപത്തിനും യുകെ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജിപിസിയുമായി ധാരണയായി.

കോവിഡിന് ശേഷം രാജ്യത്തെ ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നടക്കുന്ന ഏറ്റവും വലിയ മൂലധന സമാഹരണമാണ് ഈ നിക്ഷേപം. ഇക്കഴിഞ്ഞ വര്‍ഷം ഒന്നുരണ്ട് എംഎഫ്‌ഐകള്‍ അതിന്റെ ഓഹരിയുടെ പബ്ലിക് ഇഷ്യൂ നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും, കോവിഡ് 19 രണ്ടാം തരംഗം അവരുടെ ലിസ്റ്റിംഗ് പദ്ധതികള്‍ വൈകിപ്പിച്ചു.

ലിസ്റ്റിംഗിനായി സെബിയുടെ അംഗീകാരാമുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും പബ്ലിക് ഇഷ്യൂവിനായുള്ള മെച്ചപ്പെട്ട അവസരത്തിനായി കാത്തിരിക്കുകയാണ്. മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍ നടത്തിയിട്ടുള്ള ഈ നിക്ഷേപം, എംഎഫ്‌ഐ മേഖലയിലെ ഒരു വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കമ്പനിയുടെ ബുക്ക് വാല്യൂവിന്റെ 2.5 മടങ്ങ് മൂല്യം കണക്കാക്കിയാണ് ജിപിസി ഈ ഓഹരി നിക്ഷേപം നടത്തിയിരിക്കുന്നത്.
ഈ മൂലധന സമാഹരണം പൂര്‍ണ്ണമായും അതിന്റെഓഹരികളുടെ പ്രാഥമിക ഇഷ്യൂ മൂലമുള്ളതാണെന്നും, ഈ മൂലധനം കമ്പനിയുടെ വളര്‍ച്ചാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായിയാണ് സമാഹരിച്ചിരിക്കുന്നതെന്നും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ സിഇഒ, സദാഫ് സയീദ് പറഞ്ഞു.

News Desk
Author

Related Articles