News

ജിഎസ്ടി നഷ്ടപരിഹാരം: 20 സംസ്ഥാനങ്ങള്‍ക്ക് 68,825 കോടി രൂപ വിപണിയില്‍ നിന്ന് അധിക വായ്പയെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അനുമതി

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരത്തിനു സ്വയം വായ്‌പെയെടുക്കാമെന്നു സമ്മതിച്ച 20 സംസ്ഥാനങ്ങള്‍ക്കു മൊത്തം 68,825 കോടി രൂപ വിപണിയില്‍ നിന്ന് അധിക വായ്പയെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി. നഷ്ടപരിഹാര വായ്പ വിഷയത്തില്‍ ഉടക്കിട്ട കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ഒത്തുതീര്‍പ്പിനില്ലെന്നതിന്റെ സൂചനയാണ് കേന്ദ്ര നടപടി.

നഷ്ടപരിഹാരത്തിനുള്ള തുക മുഴുവന്‍ കേന്ദ്രം വായ്പയെടുക്കണമെന്നു നേരത്തെ വാദിച്ച സംസ്ഥാനങ്ങളുടെ ഗണത്തില്‍ മഹാരാഷ്ട്രയുമുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണമുന്നണിയിലുള്ള മഹാരാഷ്ട്ര മറുകണ്ടം ചാടിയെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസത്തെ ജിഎസ്ടി കൗണ്‍സിലില്‍ മഹാരാഷ്ട്ര ധനമന്ത്രി പങ്കെടുത്തിരുന്നില്ല. സ്വയം വായ്പയെടുക്കാന്‍ തയാറുള്ള 20 സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയുമുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ അനുവദിച്ച 68,825 കോടിയില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ് (15,394 കോടി). എന്നാല്‍, നേരത്തെ കേന്ദ്ര നിലപാടിനോടു യോജിച്ച തമിഴ്‌നാട് ഇന്നലത്തെ പട്ടികയിലില്ല.

സാധാരണഗതിയില്‍, സംസ്ഥാനങ്ങള്‍ക്കു മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പാദനത്തിന്റെ 3% വിപണിയില്‍ നിന്നു വായ്പയെടുക്കാം. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് അധികമായി 2% കൂടി വായ്പയെടുക്കാന്‍ കഴിഞ്ഞ മേയില്‍ കേന്ദ്രം അനുമതി നല്‍കി. അതില്‍, അവസാനത്തെ 0.5% വായ്പയെ റേഷന്‍, ഊര്‍ജ വിതരണം, ബിസിനസ്, തദ്ദേശ ഭരണ  സ്ഥാപനങ്ങള്‍ എന്നിവയിലെ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നു. ഇതില്‍ 3 പരിഷ്‌കാരങ്ങളെങ്കിലും നടപ്പാക്കിയാല്‍ മാത്രം 0.5% വായ്പയ്ക്ക് അനുമതിയെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, നഷ്ടപരിഹാരത്തിനു പണം കണ്ടെത്താന്‍ സ്വയം വായ്പയെടുത്താല്‍ ഈ വ്യവസ്ഥ ബാധകല്ല. അതിനാലാണ്, ഇപ്പോള്‍ 20 സംസ്ഥാനങ്ങള്‍ക്കു വിപണിയില്‍നിന്ന് 68,825 കോടി വായ്പയെടുക്കാന്‍ അനുമതി നല്‍കുന്നത്.

ഫലത്തില്‍, നഷ്ടപരിഹാരത്തിനു സ്വയം വായ്പയെടുക്കാന്‍ തയാറായ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ തുടര്‍നടപടിയെന്നാണ് ഇന്നലത്തെ തീരുമാനത്തിലൂടെ കേന്ദ്രം സൂചിപ്പിക്കുന്നത്. നഷ്ടപരിഹാരത്തിനു വായ്പയെടുക്കാന്‍ റിസര്‍വ് ബാങ്കുമായി ആലോചിച്ച് സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക സംവിധാനമുണ്ടാക്കും.

Author

Related Articles