ജിഎസ്ടി നഷ്ടപരിഹാരം: 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അംഗീകരിച്ചതായി ധനമന്ത്രാലയം
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പ്രത്യേക വായ്പ സംവിധാനത്തിലൂടെ (റിസര്‍വ് ബാങ്ക് വിന്‍ഡോ) സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അംഗീകരിച്ചതായി ധനമന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ ജിഎസ്ടി കൗണ്‍സിലില്‍ പ്രസ്തുത വിഷയത്തില്‍ വോട്ടെടുപ്പ് ഉണ്ടായാലും കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കപ്പെടുമെന്നുറപ്പായി.
ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡീഷ, പോണ്ടിച്ചേരി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് കേന്ദ്ര നിര്‍ദ്ദേശം അംഗീകരിച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും.
ജിഎസ്ടി നിയമപ്രകാരം വോട്ടിംഗ് ആവശ്യമെങ്കില്‍ ജിഎസ്ടി കൗണ്‍സിലിന് 20 സംസ്ഥാനങ്ങളുടെ പിന്തുണയാണ് പ്രമേയം പാസാക്കാന്‍ ആവശ്യം. ഒക്ടോബര്‍ 5 ന് നടക്കാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുമ്പ് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന രണ്ട് ഓപ്ഷനുകളില്‍ ഒന്ന് സംസ്ഥാനങ്ങള്‍ സ്വീകരിക്കുമെന്നാണ് സൂചന. അല്ലാത്ത പക്ഷം നഷ്ടപരിഹാരം ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ 2022 ജൂണ്‍ വരെ കാത്തിരിക്കേണ്ടിവരുമെന്ന് നിലവിലെ സാഹചര്യത്തില്‍ നിന്ന് വ്യക്തമാണെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
2022 ജൂണ്‍ 30 ന് അപ്പുറത്തേക്ക് സെസ് ശേഖരണ കാലയളവ് നീട്ടുന്നത് കൗണ്‍സിലിന്റെ തീരുമാനത്തിന് വിധേയമാണ്. നേരത്തെ സംസ്ഥാനങ്ങള്‍ വായ്പയെടുക്കാനുള്ള ഓപ്ഷന് തിരഞ്ഞെടുത്ത ഒരേയൊരു സംസ്ഥാനമായ മണിപ്പൂര്‍ പിന്നീട് ഇത് റിസര്‍വ് ബാങ്ക് വിന്‍ഡോയിലേക്ക് മാറ്റാന്‍ താല്പര്യപ്പെട്ടു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍