News

ജിഎസ്ടി വര്‍ധനവിന് സാധ്യത; ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് 5ല്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ജിഎസ്ടി വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി ഉയര്‍ത്താനാണ് ആലോചന. സംസ്ഥാനങ്ങളുടെ നികുതി വരുമാനം വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ നീക്കം.

നിലവില്‍ നാല് നികുതി സ്ലാബുകളാണ് ജിഎസ്ടിയിലുള്ളത്. ഇവ 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ്. ഏറ്റവും താഴ്ന്ന സ്ലാബ് വര്‍ധിപ്പിക്കുക, സ്ലാബ് പുനരേകീകരിക്കുക എന്നിവയുള്‍പ്പെടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന ധനമന്ത്രിമാരുടെ ഒരു പാനല്‍ ഈ മാസം അവസാനത്തോടെ കൗണ്‍സിലിന് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 5 ശതമാനം സ്ലാബ് 8 ശതമാനമായി ഉയര്‍ത്താന്‍ സംസ്ഥാന ധനമന്ത്രിമാര്‍ നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. ഇതുവഴി 1.50 ലക്ഷം കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടാനാകും.

അതേസമയം, ഈ നിര്‍ദേശം നടപ്പാക്കിയാല്‍ നിലവില്‍ 12 ശതമാനം നികുതിയുള്ള എല്ലാ ചരക്കുകളും സേവനങ്ങളും 18 ശതമാനം സ്ലാബിലേക്ക് മാറും. കൂടാതെ, ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയ ഇനങ്ങളുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ടായേക്കും. നിലവില്‍, പാക്ക് ചെയ്യാത്തതും ബ്രാന്‍ഡ് ചെയ്യാത്തതുമായ ഭക്ഷണങ്ങളെയും പാലുല്‍പ്പന്നങ്ങളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Author

Related Articles