News

കൊവിഡ് ദൈവത്തിന്റെ പ്രവര്‍ത്തി; ജിഎസ്ടി പിരിവിനെ കാര്യമായി ബാധിച്ചു: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരി ചരക്ക് സേവന നികുതി പിരിക്കലിനെ സാരമായി ബാധിച്ചെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കൊവിഡിനെ ദൈവത്തിന്റെ പ്രവര്‍ത്തിയെന്നും അവര്‍ വിശേഷിപ്പിച്ചു. ജി എസ് ടി നഷ്ടപരിഹാര സെസ് വരുമാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു..

കൊവിഡ് ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. മുന്‍കൂട്ടി കാണാനാവാത്തതിനാല്‍ ജിഎസ്ടി വരുമാനത്തെയും ഇത് സാരമായി ബാധിച്ചുവെന്നും അവര്‍ പറഞ്ഞു. 2020 സാമ്പത്തിക വര്‍ഷത്തില്‍ 1.65 ലക്ഷം കോടി സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കി. 13806 കോടി രൂപ മാര്‍ച്ച് മാസത്തില്‍ അനുവദിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ  സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്നത്തെ യോഗം വിളിച്ചത്.

റിസര്‍വ് ബാങ്കില്‍ നിന്ന് പണം കടമെടുക്കാനുള്ള സാധ്യതയില്‍ അഭിപ്രായം അറിയിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി കൂട്ടുന്നതിനെ കുറിച്ച് ഇന്നത്തെ യോഗത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടായില്ല. ഈ വര്‍ഷം ജി എസ് ടി നഷ്ടപരിഹാരമായി 3 ലക്ഷം കോടി രൂപ നല്‍കേണ്ടിവരും. ഇതുവരെ ജിഎസ്ടി സെസ് പിരിച്ചത് 65000 കോടി മാത്രമാണ്. കഴിഞ്ഞ നാല് മാസത്തെ കുടിശിക മാത്രം 1.50 ലക്ഷം കോടി രൂപയാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

Author

Related Articles