News

ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ; പ്രതീക്ഷയോടെ വാഹന നിര്‍മ്മാതാക്കള്‍

ന്യൂഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ ഗോവയില്‍ ചേരും. യോഗത്തിലെ തീരുമാനങ്ങളെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ കൂടുതല്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. വാഹനങ്ങളുടെ ജിഎസ്ടിയില്‍ കുറവ് വരുത്തിയാല്‍ മാത്രമേ വില്‍പ്പനയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യത്തില്‍ നിന്ന് കരകയാറാനുകൂ എന്നാണ് നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായോ 12 ശതമാനമായോ കുറക്കണമെന്നാണ് വാഹന നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഈ ആവശ്യങ്ങളെല്ലാം ജീഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.  

വാഹന വില്‍പ്പനയില്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യം മൂലം രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം ഉത്പ്പാദനം വെട്ടിക്കുറച്ചും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയും നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണ് വില്‍പ്പനയില്‍ കഴിഞ്ഞ മാസങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഇടിവിന്റെ പ്രധാന കാരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന തീരുമാനം എടുത്തതുമാണ് പ്രധാന കാരണം. 

അതേസമയം രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോണ്ടാ കാര്‍സിന്റെയും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും വില്‍പ്പനയില്‍ യഥാക്രമം 51 ശതമാനവും, 21 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Author

Related Articles