News

വൈദ്യുത വാഹനങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ 'വരം'; 12 ശതമാനമായിരുന്ന ജിഎസ്ടി അഞ്ചാക്കി; 'ഇ.വി' ചാര്‍ജറുകള്‍ക്ക് 18 ശതമാനമെന്നതും ഇനി അഞ്ച്; പുത്തന്‍ നിരക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: രാജ്യത്ത് 100 ശതമാനവും വൈദ്യുതി വാഹനങ്ങളാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്തണയേകുന്ന തീരുമാനമാണ് ജിഎസ്ടി കൗണ്‍സിലില്‍ നിന്നും പുറത്ത് വരുന്നത്. വൈദ്യുതി വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായത്. മാത്രമല്ല വൈദ്യുത വാഹനങ്ങളുടെ ചാര്‍ജറുകള്‍ക്ക് 18 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമാക്കി ജിഎസ്ടി കുറച്ചിരുന്നു. പുതിയ നിരക്ക് ആഗസ്റ്റ് ഒന്നിന് നിലവില്‍ വരും.

മാത്രമല്ല പ്രാദേശിക തലത്തിലുള്ള അധികാരികള്‍ക്കായി ഇലക്ട്രിക്ക് ബസുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ജിഎസ്ടി കുറയ്ക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇതോടെ രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ വില്‍പന വര്‍ധിക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി നിരക്കില്‍ കുറവ് വരുത്തണമെന്ന് വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാതാക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ട് വരികയായിരുന്നു. 

നീതി ആയോഗ് ലക്ഷ്യമിടുന്നത് പ്രകാരം 2030 മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമാകും ഉണ്ടാകുക. 2023- ല്‍ എല്ലാ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയാക്കാനാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. 2026 മുതല്‍ എല്ലാ ചരക്ക് വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറ്റാനുമാണ് നീതി ആയോഗിന്റെ പദ്ധതി. ഇതിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയിലെ ക്രൂഡ് ഓയിലിന്റെ സാധീനം ഇല്ലാതാക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദ്ദേശലക്ഷ്യം. 

പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര, മുചക്ര, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിനോ, പുതുക്കുന്നതിനോ ഫീസ് പൂര്‍ണമായി ഒഴിവാക്കാനുളള റോഡ് ഹൈവേ മന്ത്രാലയം തയ്യാറാക്കിയ വിശദമായ പ്രമേയം നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Author

Related Articles