News

പുതുവര്‍ഷത്തിലെ സുപ്രധാന ജിഎസ്ടി മാറ്റങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയിലടക്കം പുതിയ മാറ്റങ്ങളോടെയാണ് പുതുവര്‍ഷം പിറക്കുക. ജനുവരി ഒന്നുമുതല്‍ സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇ-കൊമൊഴേ്‌സുമായി ബന്ധപ്പെട്ട സേവനങ്ങളിലെ നികുതി വ്യവസ്ഥയിലടക്കം മാറ്റങ്ങളുണ്ടാകും. ഓണ്‍ലൈനായി നടത്തുന്ന റസ്റ്ററന്റ് സര്‍വിസുകള്‍, യാത്രാ സേവനങ്ങള്‍ എന്നിവക്കാകും ജിഎസ്ടി മാറ്റങ്ങള്‍ ബാധകമാകുക.

ഓണ്‍ലൈനില്‍ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി കമ്പനികള്‍ ജിഎസ്ടി ഈടാക്കുന്ന സംവിധാനം നിലവില്‍ വരും. ഹോട്ടലുകള്‍ക്ക് പകരം ഡെലിവറി കമ്പനികളാകും നികുതി ഈടാക്കുകയെന്നതാണ് വ്യത്യാസം. എന്നാല്‍ ഭക്ഷണവിലയില്‍ മാറ്റമുണ്ടാകില്ല. പ്രധാനമായും പാദരക്ഷകള്‍, ടെക്‌സ്‌റ്റൈല്‍ മേഖലകള്‍ എന്നിവ വിലക്കയറ്റത്തിന് സാക്ഷിയാകും. ഇവയുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനത്തിലേക്ക് ഉയരുന്നതോടെയാണ് ഈ മാറ്റം വരിക. 1000 രൂപ വരെയുള്ള തുണിത്തരങ്ങളുടെ ജിഎസ്ടി നേരത്തേ അഞ്ച് ശതമാനമായിരുന്നു. ഇത് 12 ശതമാനമായാണ് ഉയര്‍ത്തല്‍.

ഇതേ രീതിയിലാണ് പാദരക്ഷകളുടെയും നിരക്ക് വര്‍ധിപ്പിക്കുക. തുണിത്തരങ്ങള്‍, സിന്തറ്റിക് നൂല്‍, പുതപ്പുകള്‍, ടെന്റുകള്‍, ടേബിള്‍ ക്ലോത്ത്, സെര്‍വിയേറ്റുകള്‍ തുടങ്ങിയവയുടെയും നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒരേ ഉല്‍പന്നങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. പുതുവര്‍ഷത്തില്‍ ഒല, ഊബര്‍ തുടങ്ങിയ ആപ്പുകള്‍ വഴി ബുക്ക് ചെയ്യുന്ന ഓട്ടോ, ടാക്‌സി സര്‍വീസുകളും ചെലവേറിയതാകും. ഈ കമ്പനികള്‍ ഇനി മുതല്‍ 5 ശതമാനം വരെ ജിഎസ്ടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ നിരക്ക് ഉയരും. അതേസമയം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഊബര്‍ രംഗത്തെത്തിയിരുന്നു.

Author

Related Articles