News

ഖത്തര്‍ ഉപരോധം പിന്‍വലിക്കാനുള്ള നീക്കം ഗള്‍ഫ് സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകും; എണ്ണ ഇതര വരുമാനത്തില്‍ വന്‍ വളര്‍ച്ചയുണ്ടാകും

ദുബായ്: ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യം തീരുമാനിച്ചത് ഗള്‍ഫ് സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ നേട്ടമാകും. ഖത്തറിന്റെ എണ്ണ ഇതര വരുമാനം വര്‍ധിക്കാന്‍ സാധ്യത തെളിഞ്ഞു എന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. മൂന്നര വര്‍ഷമായി ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി, ബഹ്റൈന്‍, യുഎഇ, ഈജിപ്ത് എന്നീ ഉപരോധ രാജ്യങ്ങളുടെ വ്യോമ മേഖല ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇറാന്റെതുള്‍പ്പെടെയുള്ള വ്യോമ പാതയിലൂടെ വളഞ്ഞ വഴിയിലാണ് പലപ്പോഴും ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതാകട്ടെ ചെലവ് വര്‍ധിപ്പിക്കുന്നതായിരുന്നു. ഇനി സമീപ രാജ്യങ്ങളുടെ വ്യോമ മേഖലയിലൂടെ തന്നെ ഖത്തര്‍ എയര്‍വേയ്സിന് പറക്കാം, ചെലവ് ചുരുക്കാന്‍ വഴി തെളിഞ്ഞതോടെ കമ്പനിക്ക് നേട്ടമാകും.

മാത്രമല്ല, ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഉപരോധം കാരണം ഖത്തറില്‍ ബന്ധുക്കളുള്ള ഒട്ടേറെ പേര്‍ക്ക് രാജ്യത്തേക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ഉണര്‍വുണ്ടാകുമെന്നാണ് റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച്ചിന്റെ വിലയിരുത്തല്‍. ഖത്തറിന് മാത്രമല്ല, ഗള്‍ഫ് മേഖലയ്ക്ക് മൊത്തത്തില്‍ എണ്ണ ഇതര വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എണ്ണ വരുമാനത്തെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കാര്യമായും ആശ്രയിക്കുന്നത്. എണ്ണവില ആഗോള തലത്തില്‍ ഇടിഞ്ഞത് ജിസിസി രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. എണ്ണ ഇതര മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ശ്രമം മേഖലയിലെ എല്ലാ രാജ്യങ്ങളും നടപ്പാക്കി വരികയാണ്. ഖത്തറിനെതിരായ ഉപരോധം അവസാനിച്ചത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകും.

ഖത്തറില്‍ അടുത്ത വര്‍ഷം ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടക്കാന്‍ പോകുകയാണ്. ഉപരോധം അവസാനിച്ചതോടെ മല്‍സരം വന്‍ വിജയമാകുമെന്നാണ് മൂഡീസിന്റെ നിരീക്ഷകന്‍ അലക്സാണ്ടര്‍ പെര്‍ജെസി പറയുന്നത്. ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വന്‍ ഒഴുക്കിനാണ് സാധ്യത. ക്ഷീര കമ്പനിയായ അല്‍ മറായിയുടെ ഓഹരി വില ഇന്ന് കുത്തനെ ഉയര്‍ന്നു. ഖത്തറിലെയും സൗദിയിലെയും ഓഹരി വിപണികളില്‍ ആദ്യ വ്യാപാരത്തില്‍ തന്നെ ഉയര്‍ച്ച പ്രകടമായിരുന്നു. അല്‍ മറായിയുടെ ഖത്തറിലെ പഴയ വ്യാപാര മേഖല തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ജിസിസിയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളെല്ലാം സന്തോഷത്തിലാണ്.

Author

Related Articles