News

നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കുമിടയിലും യുഎസില്‍ എച്ച്വണ്‍ബി വിസക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധന; അംഗീകരിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരുടേത്

മുംബൈ: കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും നിരവധി എച്ച് വണ്‍ ബി വിസകള്‍ക്കുള്ള അപേക്ഷകള്‍ക്ക് യുഎസ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. യു.എസിലെ വിദഗ്ധ തൊഴിലിനായുള്ള താത്കാലിക വിസയായ എച്ച്-വണ്‍ ബി യുടെ അപേക്ഷകരില്‍ നല്ലപങ്കും ഇന്ത്യയില്‍ നിന്നുള്ളവരാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 3.89 ലക്ഷം അപേക്ഷകളാണ് അംഗീകരിച്ചത്. ഓരോ വര്‍ഷം കഴിയുന്തോറും ഇതിന് വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2015 ല്‍ 2.88 ലക്ഷം അപേക്ഷകള്‍ വന്നിടത്ത് അത് പിന്നീട് വര്‍ധിക്കാന്‍ തുടങ്ങി. 2015 ന് ശേഷമാണ് എച്ച് -1 ബി വിസകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ അതിന് ശേഷവും ഇതില്‍ മാറ്റമില്ലാത്തതില്‍ ആശ്വസിക്കുന്നത് ഇന്ത്യക്കാര്‍ തന്നെയാണ്.

2019, 2018 സാമ്പത്തിക വര്‍ഷങ്ങളില്‍ രാജ്യം തിരിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല, എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, പുതിയ ജോലികള്‍ക്കും വിസ വിപുലീകരണങ്ങള്‍ക്കുമായുള്ള മൊത്തം എച്ച് -1 ബി വിസ അപേക്ഷകളില്‍ ഒരു പ്രധാന ഭാഗം ഇന്ത്യക്കാര്‍ക്കാണ് നല്‍കിയത്. അങ്ങനെ നോക്കുമ്പോള്‍ യുഎസ്എയിലെ പ്രാദേശിക നിയമനത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. യുഎസ്സിഐഎസ് ഡാറ്റ പ്രകാരം 2019 ലെ എച്ച് വണ്‍ ബി ആപ്ലിക്കേഷനുകളുടെ കര്‍ശനമായ പരിശോധന ഏജന്‍സി നടത്തിയിരുന്നു. ആര്‍എഫ്ഇ പ്രകാരം യുഎസ്സിഐഎസിന് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടും അപേക്ഷകള്‍ നിരസിക്കുന്നതില്‍ വര്‍ദ്ധനവുണ്ടെന്ന് ഇമിഗ്രേഷന്‍ വിദഗ്ദ്ധര്‍ പറയുന്നു. വിസ എക്സ്റ്റന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ പുതിയ ആപ്ലിക്കേഷനുകളുടെ അതേ രീതിയില്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എഫ്ഇ നടപടിക്രമത്തിന് വിധേയമായ 1.84 ലക്ഷം അപേക്ഷകളില്‍ നിന്ന് 1.20 ലക്ഷം അപേക്ഷകള്‍ മാത്രമാണ് അംഗീകരിച്ചത്. സ്പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ നേടിയ ശേഷം എച്ച് -1 ബി അപേക്ഷകളുടെ അംഗീകാര നിരക്ക് 2019 സാമ്പത്തിക വര്‍ഷത്തില്‍ 65.4 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ 62.4 ശതമാനത്തില്‍ നിന്ന് നേരിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

Author

Related Articles