News

ഇന്ത്യയോട് വിട പറഞ്ഞ് ഹാര്‍ലി ഡേവിഡ്സണ്‍; വില്‍പ്പനയും ഉല്‍പാദനവും നിര്‍ത്തി

അമേരിക്കന്‍ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാവായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലെ വില്‍പ്പനയും ഉല്‍പാദനവും നിര്‍ത്താന്‍ തീരുമാനിച്ചു. 2009ലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യാഴാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് (എസ്ഇസി) സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിംഗിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പോകുന്ന എന്ന വിവരം വ്യക്തമാക്കിയിരിക്കുന്നത്.

2020 ഓഗസ്റ്റ് 6 നും 2020 സെപ്റ്റംബര്‍ 23 നും ഇടയില്‍, ആഗോള ഡീലര്‍ ശൃംഖല വെട്ടിക്കുറയ്ക്കുന്നതും ചില അന്താരാഷ്ട്ര വിപണികളില്‍ നിന്ന് പുറത്തുകടക്കുന്നതും വില്‍പ്പന നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഈ നടപടി വഴി 70 ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും.
 
ഇന്ത്യന്‍ വാഹന വ്യവസായം ഇതിനകം തന്നെ വളരെ മന്ദഗതിയിലായിരുന്നു. കൊവിഡ് -19 മഹാമാരി പ്രീമിയം മോട്ടോര്‍സൈക്കിള്‍, കാര്‍ വിഭാഗങ്ങളെ കൂടുതല്‍ വഷളാക്കി. പ്രധാനമായും വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക്ക് മേഖലയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള പിന്‍വാങ്ങല്‍.

ഏഷ്യ എമര്‍ജിംഗ് മാര്‍ക്കറ്റിന്റെയും ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടറായ സജീവ് രാജശേഖരനെ സിംഗപ്പൂരിലേക്ക് മാറ്റിയെന്നും ഇന്ത്യയിലെ വില്‍പ്പന, വിപണന പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) ഡാറ്റ അനുസരിച്ച്, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന വെറും 2,500 യൂണിറ്റിന് താഴെയാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് വെറും 42,000 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്ന് സിയാം പറയുന്നു.

Author

Related Articles