News

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങി ഹര്‍ഷ എന്‍ജിനിയേഴ്സ് ഇന്റര്‍നാഷണല്‍; ലക്ഷ്യം 755 കോടി രൂപ

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങി ഹര്‍ഷ എന്‍ജിനിയേഴ്സ് ഇന്റര്‍നാഷണല്‍. സെബിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 755 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രസിഷന്‍ ബെയറിംഗ് കേജുകള്‍ നിര്‍മിക്കുന്ന കമ്പിനിയാണ് ഹര്‍ഷ എന്‍ജിനിയേഴ്സ്.

25 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഇവര്‍ക്ക് അഹമ്മദാബാദ്, ചൈന, റൊമാനിയ എന്നിവിടങ്ങളില്‍ പ്ലാന്റുകളുണ്ട്. 455 കോടിയുടെ പുതിയ ഓഹരികളും ഓപ്പണ്‍ ഫോര്‍ സെയിലിലൂടെ 300 കോടിയുടെ ഓഹരികളുമാണ് ഹര്‍ഷ എന്‍ജിനിയേഴ്സ് ഐപിഒക്ക് എത്തിക്കുന്നത്. പുതിയ ഓഹരികളിലൂടെ സമാഹരിക്കുന്ന തുകയില്‍ 270 കോടി കടം വീട്ടാനും 77.95 കോടി പ്രവര്‍ത്തന മൂലധനത്തിനായും ഉപയോഗിക്കും. പ്ലാന്റുകളുടെ നവീകരണത്തിന് 7.12 കോടിയും ചെലവാക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45.44 കോടി ആയിരുന്നു കമ്പനിയുടെ ലാഭം. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ആറുമാസത്തില്‍ കമ്പനി 43.71 കോടിയുടെ ലാഭം നേടി. ഇക്കാലയളവില്‍ 699.46 കോടി രൂപയാണ് വരുമാനം. ആക്സിസ് ക്യാപിറ്റല്‍, ഇക്യൂറസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെ നടത്തിപ്പുകാര്‍. 2018ല്‍ ഐപിഒയക്ക് പേപ്പറുകള്‍ സമര്‍പ്പിച്ച ശേഷം ഹര്‍ഷ എന്‍ജിനിയേഴ്സ് ഐപിഒയില്‍ നിന്ന് പിന്‍മാറിയിരുന്നു.

Author

Related Articles