News

എച്ച്ഡിഎഫ്സി ലാഭത്തില്‍ വന്‍ ഇടിവ്; 27.5 ശതമാനം ഇടിഞ്ഞ് 2,870.12 കോടി രൂപയായി

സെപ്തംബര്‍ പാദം എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊത്തം ലാഭം 2,870.12 കോടി രൂപ. കഴിഞ്ഞവര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 27.5 ശതമാനമാണ് ലാഭത്തിലെ ഇടിവ്. കഴിഞ്ഞവര്‍ഷം ഇതേ പാദം 3,961.5 കോടി രൂപ ബാങ്ക് കുറിക്കുകയുണ്ടായി. ഇതേസമയം, 50 ശതമാനത്തിന് മുകളില്‍ തകര്‍ച്ച നേരിടുമെന്ന 'സ്ട്രീറ്റിന്റെ' പ്രവചനം തിരുത്താന്‍ എച്ച്ഡിഎഫ്സി ബാങ്കിന് സാധിച്ചു. ഇത്തവണ എച്ച്ഡിഎഫ്സി ലൈഫിന്റെ വില്‍പ്പനയിലൂടെ കയ്യടക്കിയ നേട്ടമാണ് ബാങ്കിന് പിടിവള്ളിയായത്.

മൊത്തം കണക്കു പരിശോധിച്ചാല്‍ നടപ്പു സാമ്പത്തികവര്‍ഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ ആകെ ലാഭം 53.15 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 10,748.69 കോടിയില്‍ നിന്നും 5,035.41 കോടി രൂപയിലേക്കാണ് ലാഭം എത്തിനില്‍ക്കുന്നത്. എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ 26 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ച് നേടിയ 1,240.59 കോടി രൂപയും (നികുതിക്ക് മുന്‍പ്) ഇതില്‍പ്പെടും. ലാഭകണക്കുകള്‍ പ്രതീക്ഷിച്ചതിലും മുകളില്‍ വന്നതോടെ തിങ്കളാഴ്ച്ച എച്ച്ഡിഎഫ്സി ഓഹരികള്‍ കുതിച്ചുയര്‍ന്നു. ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ ഓഹരിയൊന്നിന് 2,043 രൂപ വരെ മൂല്യം വര്‍ധിക്കുന്നത് ബാങ്ക് കണ്ടു.

സെപ്തംബര്‍ പാദം എച്ച്എഡിഎഫ്സി ബാങ്കിന്റെ മൊത്തം പലിശ വരുമാനവും ഗണ്യമായി കൂടി. 3,647 കോടി രൂപയാണ് പലിശയിലൂടെ മാത്രം ബാങ്ക് കുറിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 3,021 കോടി രൂപയായിരുന്നു മൊത്തം പലിശ വരുമാനം. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത്തവണ വര്‍ധനവ് 20.7 ശതമാനം. ഇതേസമയം, മൊത്തം പലിശ മാര്‍ജിനില്‍ മാറ്റമില്ല. 3.3 ശതമാനമായിത്തന്നെ പലിശ മാര്‍ജിന്‍ തുടരുന്നു. നേരത്തെ, എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊത്തം പലിശ വരുമാനം 3,311.2 കോടി രൂപ എത്തുമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഫിലിപ്പ്സ് ക്യാപിറ്റല്‍ പ്രവചിച്ചിരുന്നു.

ആകെ  61 ലക്ഷം രൂപയാണ് നിക്ഷേപങ്ങള്‍ക്ക് മേല്‍ ബാങ്കിന് സംഭവിച്ച നഷ്ടം. കഴിഞ്ഞവര്‍ഷം നിക്ഷേപങ്ങള്‍ക്ക് മേല്‍ 1,627.09 കോടി രൂപയുടെ ലാഭമാണ് എച്ച്ഡിഎഫ്സി ബാങ്ക് കയ്യടക്കിയതെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. എന്തായാലും നടപ്പുവര്‍ഷം ഇതുവരെയുള്ള ബാങ്കിന്റെ മൊത്തം വരുമാനം 11,732.7 കോടി രൂപയില്‍ വന്നുനില്‍ക്കുന്നു. മുന്‍ സാമ്പത്തികവര്‍ഷം 13,494.12 കോടി രൂപയായിരുന്നു മൊത്തം വരുമാനം. സംഭവിച്ചിരിക്കുന്ന ഇടിവ് 13 ശതമാനം.

സെപ്തംബര്‍ പാദത്തില്‍ വ്യക്തിഗത വായ്പകളുടെ അപേക്ഷ 12 ശതമാനവും വായ്പാ അനുമതി 9 ശതമാനവും വര്‍ധിച്ചതായി ബാങ്ക് അറിയിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബാങ്ക് ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ഔദ്യോഗിക പ്രസ്താവനയില്‍ എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി.

ഭവനവായ്പകളുടെ കാര്യത്തില്‍ അനുവദിച്ച വായ്പകളില്‍ 35 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിനാണ് ലഭിച്ചത്. വായ്പാ മൂല്യം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 18 ശതമാനം താഴ്ന്ന വരുമാനത്തില്‍പ്പെടുന്നവര്‍ക്കും കിട്ടി. നിലവില്‍ 10.7 ലക്ഷം, 18.2 ലക്ഷം എന്നിങ്ങനെയാണ് സാമ്പത്തികമായി പിന്നാക്കമുള്ള വിഭാങ്ങള്‍ക്കും താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങള്‍ക്കും ബാങ്ക് നല്‍കുന്ന ശരാശരി ഭവനവായ്പ.

Author

Related Articles