News

ടെലികോം കമ്പനികള്‍ അടച്ചുപൂട്ടിയാല്‍ ബാങ്കുകളും മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങളും പ്രതിസന്ധിയിലാകും; കിട്ടാക്കടം പെരുകുമെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- മൊബൈല്‍ ടെലികോം കമ്പനികളുടെ കുടിശിക കാര്യത്തില്‍ സര്‍ക്കാരോ സുപ്രിംകോടതിയോ അനുകൂല നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബാങ്കുകളും മ്യൂച്ചല്‍ഫണ്ടുകളും ബുദ്ധിമുട്ടിലായേക്കും. ബാങ്കുകളുടെ 1.3ലക്ഷം കോടിരൂപയാണ് ടെലികോം കമ്പനികള്‍ക്ക് വായ്പ നല്‍കിയിട്ടുള്ളത്. മ്യൂച്ചല്‍ ഫണ്ടുകള്‍ ടെലികോം കമ്പനികളുടെ കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. പലിശയും പിഴയും ഒഴിവാക്കുക,കുടിശിക അടക്കാന്‍ ഏതാനും വര്‍ഷം അനുവദിക്കുക എന്നി ആവശ്യങ്ങളാണ് ടെലികോം കമ്പനികള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുള്ളത്. വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും ആണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോയ്ക്ക് വളരെകുറച്ച് തുക മാത്രമേ ബാധ്യതയായി വരികയുള്ളൂ. വോഡഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെല്ലിനും വലിയ തുകകള്‍ അടക്കേണ്ടി വരും. ടാറ്റാ ടെലി സര്‍വീസസ് 13,823 കോടി രൂപയാണ് അടക്കാനുള്ളത്.

സ്‌പെക്ട്രം ചാര്‍ജ് ,ലൈസന്‍സ് ഫീസ് എന്നിവയ്ക്ക് വരുമാനത്തിന്റെ നിശ്ചിത ശതമാനം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണ്.എജിആര്‍ വരുമാനം കണക്കാക്കാന്‍ ടെലികോമില്‍ നിന്നല്ലാതെ വരവുകളഉം പെടുത്തണമെന്ന സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതി ശരിവെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.സഹായം ലഭിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചിരുന്നു. ഇത് സ്വാകര്യമേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും മാത്രമുള്ള അവസ്ഥയിലേക്ക് ടെലികോം ബിസിനസിനെ മാറ്റുന്ന സ്ഥിതിയും ഉണ്ടായേക്കും. ഏതെങ്കിലും കമ്പനി അടച്ചുപൂട്ടിയാലും ബാങ്കുകള്‍ക്കും മ്യൂച്ചല്‍ഫണ്ടുകള്‍ക്കും കിട്ടാക്കടം പെരുകും.

 

Author

Related Articles