News

വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി കേന്ദ്രീകൃത പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍

കൊച്ചി: കേരളത്തിലെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ കേന്ദ്രീകൃത പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാകും. കേരളത്തിന്റെ തനത് വ്യവസായങ്ങള്‍ക്കു പോലും പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാണ് കേന്ദ്രീകൃത പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങളെന്ന് വ്യവസായികള്‍ ചൂണ്ടിക്കാണിക്കുന്നു.

വ്യവസായങ്ങളെ ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായി തിരിച്ചാണ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനു പുറമെ പഞ്ചായത്തിന്റെ 'ഹൈ റിസ്‌ക്' വിഭാഗം കൂടി ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോ കാറ്റഗറി വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കലും മീഡിയം കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തിലൊരിക്കലും ഹൈ കാറ്റഗറി സ്ഥാപനങ്ങളില്‍ വര്‍ഷാ വര്‍ഷവുമാണ് പരിശോധനകള്‍. എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഗ്രീന്‍, വൈറ്റ് കാറ്റഗറിയില്‍ പെടുത്തിയ പല വ്യവസായങ്ങളും പുതിയ ഉത്തരവില്‍ 'ഹൈ റിസ്‌ക്' കാറ്റഗറിയിലാണുള്ളത്. ഈ വിഭാഗത്തില്‍ പരിശോധനകള്‍ നടക്കുക എങ്ങനെയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമില്ല. ഇതാണ് വ്യവസായികളുടെ ആശങ്കയ്ക്ക് പ്രധാന കാരണം.

300 ചതുരശ്ര മീറ്ററിനു മുകളിലുള്ള 44 ഇനം വ്യവസായങ്ങള്‍ 'ഹൈ റിസ്‌ക്' വിഭാഗത്തിലാണ്. പ്രിന്റിങ് പ്രസ്, ഫര്‍ണിച്ചര്‍, ഹോളോ ബ്രിക്‌സ്, കയര്‍ ചകിരി നിര്‍മാണം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ വ്യവസായങ്ങളെ 'ഹൈ റിസ്‌ക്' വിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്. ഇത് വ്യവസായ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) ചൂണ്ടിക്കാട്ടി.

Author

Related Articles