News

ഹിന്ദുസ്ഥാന്‍ യുണിലിവര്‍: 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനി

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ (എച്ച്യുഎല്‍) ഓഹരികള്‍ വ്യാഴാഴ്ച 4.5 ശതമാനം വര്‍ധിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ നേട്ടം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഓഹരി വില ഉയര്‍ന്നത്. സെന്‍സെക്സില്‍ ഓഹരി വില 4.55 ശതമാനം ഉയര്‍ന്ന് 2,241.80 രൂപയിലെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഓഹരികള്‍ 4.92 ശതമാനം ഉയര്‍ന്ന് 2,249.90 രൂപയിലെത്തി.

വ്യാഴാഴ്ച സെന്‍സെക്‌സില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഹിന്ദുസ്ഥാന്‍ യൂണിലിവറാണ്. എന്‍എസ്ഇയില്‍ യൂണിലിവര്‍ 4.28 ശതമാനം ഉയര്‍ന്ന് 2,237 രൂപയിലെത്തി. ബിഎസ്ഇയില്‍ കമ്പനിയുടെ വിപണി മൂല്യം 22,920.37 കോടി രൂപ ഉയര്‍ന്ന് 5,26,731.37 കോടി രൂപയായി. നാലാംപാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 5.34 ശതമാനം വര്‍ധിച്ച് 2,307 കോടി രൂപയായതായി കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.

പണപ്പെരുപ്പം മൂലം ലാഭനഷ്ടങ്ങളില്ലാത്ത തരത്തിലായിരുന്നു കമ്പനിയുടെ പ്രകടനം. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഇപ്പോള്‍ 50,000 കോടി രൂപയുടെ വിറ്റുവരവുള്ള എഫ്എംസിജി കമ്പനിയെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. 1,000 കോടി രൂപ വീതം വിറ്റുവരവുള്ള 16 ബ്രാന്‍ഡുകളാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്.

Author

Related Articles