News

ഐടി സേവനമേഖലയില്‍ തൊഴിലവസരങ്ങള്‍ ഉയരുന്നു; ഒരു വര്‍ഷത്തിനുള്ളില്‍ 1.20 ലക്ഷം പേര്‍ക്ക് ജോലി

ആഗോള വ്യാപകമായി ഐടി സേവനമേഖലയില്‍ ഡിമാന്‍ഡ് കുത്തനെ വര്‍ധിച്ചതിനാല്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ കമ്പനികളാണ് ഇത്രയുംപേരെ നിയമിക്കുക.

150 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് വരുംമാസങ്ങളില്‍ ഐടി കമ്പനികള്‍ക്ക് ലഭിക്കുക. മറ്റ് കമ്പിനകിളിലെല്ലാംകൂടി, പുതിയതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മൈന്‍ഡ് ട്രീ പോലുള്ള ഇടത്തരംകമ്പനികള്‍ കൂടുതല്‍ ബിരുദധാരികളെ നിയമിക്കാനൊരുങ്ങുകയാണ്.

വന്‍കിട കരാറുകള്‍ ലഭിക്കുന്നതിനാല്‍ പുതിയ പ്രൊജക്ടുകളില്‍ നിയമിക്കാന്‍ ആളില്ലാത്ത സാഹചര്യമാണുള്ളത്. കോവിഡിനെതുടര്‍ന്ന് ആഗോള കോര്‍പറേറ്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുവര്‍ഷങ്ങളായി ഐടി മേഖലയില്‍ പുതുമുഖങ്ങളെ ജോലിക്കെടുക്കുന്നത് കുറഞ്ഞുവരികയായിരന്നു. അടുത്ത 12-18 മാസങ്ങള്‍ ഈമേഖലയില്‍ തൊഴില്‍ സാധ്യത വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പരിചയ സമ്പന്നര്‍ ജോലിമാറാന്‍ സന്നദ്ധരാണെങ്കിലും ഇവരെ നിയമിക്കുന്നത് ചെലവേറിയതായതിനാല്‍ പുതുമുഖങ്ങളെയാണ് കമ്പനികള്‍ക്ക് താല്‍പര്യം.

രാജ്യത്തെ ഏറ്റവുംവലിയ ഐടി സേവന ദാതാവയ ടിസിഎസ് ജൂണ്‍ പാദത്തില്‍ 20,400 പേരെയാണ് നിയമിച്ചത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷത്തിലധികമായി. ഇന്‍ഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്സിഎല്‍ 7,500 പേരെയും ഈ കാലയളവില്‍ പുതിയതായി നിയമിച്ചു. രാജ്യത്തെ മൂന്നിലൊന്ന് ഐടി സേവനങ്ങളും നല്‍കുന്നത് ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ എന്നീ കമ്പനികളാണ്.

Author

Related Articles