News

ഭവനവായ്പയ്ക്കുള്ള ആവശ്യം വര്‍ധിക്കുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇടത്തരം, ഉയര്‍ന്ന വിഭാഗങ്ങളില്‍ ഭവനവായ്പയ്ക്കുള്ള ആവശ്യം വര്‍ധിക്കുകയാണെന്ന് മാജിക്ബ്രിക്‌സ് നടത്തിയ സര്‍വെ റിപ്പോര്‍ട്ട്. 38 ശതമാനം ഉപഭോക്താക്കളും 30 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ഭവനവായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഉപഭോക്തൃ മുന്‍ഗണനയുടെ 46 ശതമാനത്തോളം ഇപ്പോള്‍ 30 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും അതിന് മുകളിലും വിലയുള്ള വിഭാഗത്തിലുമാണ്. ബെംഗളൂരു, ഹൈദരാബാദ്, ദില്ലി, മുംബൈ, പൂനെ എന്നിങ്ങനെയുള്ള പ്രധാന റെസിഡന്‍ഷ്യല്‍ വിപണികളില്‍ നിനാണ് ഈ ആവശ്യകതയുടെ വലിയൊരു പങ്ക് വരുന്നത്.   

38 ശതമാനത്തോളം ഉപഭോക്താക്കള്‍ 30 ലക്ഷം രൂപയ്ക്കും 1 കോടി രൂപയ്ക്കും ഇടയിലുള്ള ഭവന വായ്പകള്‍ എടുക്കുന്നതിനാണ് താല്‍പ്പര്യപ്പെടുന്നത്. വീട്ടില്‍ നിന്നുള്ള ജോലി, സര്‍ക്കിള്‍ നിരക്കിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വന്ന കുറവ്, കുറഞ്ഞ പലിശനിരക്ക് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ഒരു മുറി കൂടി അധികമായി ആകാം എന്നു തീരുമാനിക്കുന്നതിലേക്ക് ഉപഭോക്താക്കളെ നയിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സര്‍വെയില്‍ പങ്കെടുത്ത 20 ശതമാനം പേര്‍ തങ്ങളുടെ ഭവനങ്ങള്‍ക്കായി 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയും അതിന് മുകളിലും വായ്പ എടുക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമീപകാലത്ത് പ്രഖ്യാപിച്ച നടപടികള്‍ ഇടത്തരം, ഉയര്‍ന്ന ശ്രേണിയിലുള്ള പ്രോപ്പര്‍ട്ടികള്‍ക്ക് വേണ്ടിയുള്ള ഭവനവായ്പയുടെ ആവശ്യം വര്‍ധിപ്പിക്കുന്നതില്‍ പങ്കുവഹിച്ചെന്ന് മാജിക്ബ്രിക്‌സ് സിഇഒ സുധീര്‍ പൈ പറയുന്നു.   

മാജിക്ക്ബ്രിക്‌സ് പ്ലാറ്റ്‌ഫോമില്‍ ഉപഭോക്താക്കള്‍ തിരഞ്ഞ വായ്പ തുകകളുടെ ശരാശരി 34 ലക്ഷം രൂപയാണ്. ഇത് വ്യവസായത്തെ സംബന്ധിച്ച് ശുഭസൂചനയാണെന്ന് സുധീര്‍ പൈ കൂട്ടിച്ചേര്‍ത്തു. ഭവനവായ്പയ്ക്ക് പുറമെ, പ്രോപ്പര്‍ട്ടിയുടെ ഈടിലുള്ള വായ്പയും (എല്‍എപി) ബാലന്‍സ് ട്രാന്‍സ്ഫറും ഉപഭോക്തൃ മുന്‍ഗണന നേടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Author

Related Articles