News

നിശ്ചലമായ കാര്‍ വിപണി വീണ്ടും സജീവമാകുന്നു; വലിയ നേട്ടം കൊയ്ത് ഹോണ്ട

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് നിശ്ചലമായ കാര്‍ വിപണി വീണ്ടും സജീവമാകുന്നു. നവംബര്‍ മാസത്തില്‍ മികച്ച വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത് ഹോണ്ടയാണ്. നവംബര്‍ മാസത്തില്‍ 55 ശതമാനത്തില്‍ വില്‍പ്പന വളര്‍ച്ചയാണ് അവര്‍ കൈവരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരമത്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ്. അതേസമയം ഇത് വന്‍ വളര്‍ച്ചയാണ്. പ്രത്യേകിച്ച് കോവിഡില്‍ വിപണി പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്തുള്ള വളര്‍ച്ച.

ഉത്സവ സീസണും അതോടനുബന്ധിച്ചുള്ള വില്‍പ്പനയും ഗുണകരമായെന്നാണ് വിലയിരുത്തല്‍. പുതിയ ഹോണ്ട സിറ്റി ആഴ്ച്ചകള്‍ക്ക് മുമ്പ് നിരത്തിലിറങ്ങിയിരുന്നു. ഇത് നല്ല രീതിയില്‍ വിറ്റ് പോയിരുന്നു. ഇതിന്റെ ഓള്‍ഡര്‍ ജനറേഷനും ഇപ്പോള്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇത് രണ്ടും വിപണിയില്‍ കുതിക്കാന്‍ ഹോണ്ടയെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 9990 കാറുകളാണ് ഹോണ്ട വിറ്റഴിച്ചത്. 2019 നവംബറില്‍ ഇത് 6459 യൂണിറ്റുകളായിരുന്നു.

അതേസമയം കയറ്റുമതിയില്‍ 31 യൂണിറ്റാണ് ഉള്ളത്. ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ ഹോണ്ടയെ സംബന്ധിച്ച് ഗംഭീരമായിരുന്നുവെന്ന് ഹോണ്ടയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറയുന്നു. ഇത് മൊത്തം കാര്‍ വിപണിയെ ഉത്തേജിപ്പിക്കുന്നതാണ്. പുതിയ മോഡലുകള്‍ ധാരാളം ഉടന്‍ തന്നെ വിപണിയിലേക്ക് എത്തും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകളും നല്‍കുമെന്നും ഗോയല്‍ വ്യക്തമാക്കി.

കാര്‍ വിപണിയില്‍ ഉണ്ടായ ഈ വളര്‍ച്ച എല്ലാവര്‍ക്കും ഗുണകരമാകുമെന്ന് ഗോയല്‍ പറയുന്നു. പുതിയ ഹോണ്ട സിറ്റിയുടെ ഡിമാന്‍ഡ് കുതിച്ച് കയറുകയാണ്. സെയിലില്‍ ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഒന്നാം സ്ഥാനത്താണ് അതെന്നും അദ്ദേഹം പറഞ്ഞു. മിഡ് സൈസ് സെഡാനായി പലരുടെയും ആദ്യ ചോയ്സ് പുതിയ സിറ്റിയാണ്. അതേസമയം തന്നെ കോവിഡിന്റെ വെല്ലുവിളികള്‍ ഇപ്പോഴും വിപണിയില്‍ ഉണ്ട്. ഉപയോക്താക്കള്‍ വലിയ തോതില്‍ എത്തി തുടങ്ങിയിട്ടില്ല. പക്ഷേ ഇത് മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും രാജേഷ് ഗോയല്‍ പറഞ്ഞു.

Author

Related Articles