News

ലോക്ക്ഡൗണ്‍ കാലത്ത് ഒരു വാഹനം പോലും വിറ്റില്ലെങ്കിലും 2,630 വാഹനങ്ങള്‍ കയറ്റുമതി ചെയ്ത് ഹോണ്ട

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഏപ്രിലില്‍ 2,630 വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. ലോക്ക്ഡൗണിന് ഇടയിലാണ് ഇത്രയും കയറ്റുമതി. എന്നാല്‍ ഈ കാലയളവില്‍ ആഭ്യന്തര വിപണിയില്‍ ഒരു വാഹനം പോലും കമ്പനി വിറ്റിട്ടില്ല.

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡീലര്‍ഷിപ്പുകളും ഷോറൂമുകളും അടഞ്ഞുകിടക്കുന്നതാണ് ആഭ്യന്തര വില്‍പ്പനയ്ക്ക് തിരിച്ചടിയായത്. അതേസമയം, തുറമുഖം തുറന്നതിനെ തുടര്‍ന്ന് കയറ്റുമതി സുഗമമാണെന്നും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ആഭ്യന്തരവിപണിയില്‍ ഒരു വാഹനം പോലും വില്‍ക്കാനാവാത്ത മാസം കടന്നു പോകുന്നത്. ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് മാര്‍ച്ച് 22-ന് രാജ്യത്തെ നാല് ഉത്പാദന യൂണിറ്റുകളും പ്ലാന്റുകളും അടച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുകയാണ്.

ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ഈ ഘട്ടത്തിലും ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി ഇതിനകം തന്നെ സൗജന്യ സര്‍വ്വീസ്, വാറന്റി കാലാവധികള്‍ നീട്ടിയിട്ടുണ്ട്.

Author

Related Articles