News

ഹോസ്പിറ്റാലിറ്റി, ഓട്ടോ, റിയൽ എസ്‌റ്റേറ്റ് മേഖലകള്‍ തിരിച്ചുവരാന്‍ 1-2 വര്‍ഷമെടുക്കും: ഫിക്കി സര്‍വേ

കൊറോണ വൈറസ് പ്രതിസന്ധിയും അതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ വരുത്തിയ ലോക്ഡൗണും ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്ന് ഓട്ടോ, റെസ്‌റ്റോറന്റ്, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കാല്‍ 12 മുതല്‍ 24 മാസം വരെ എടുക്കുമെന്ന് ഫിക്കി നടത്തിയ സര്‍വേ പറയുന്നു.

പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിട്ടുള്ള മറ്റ് രംഗങ്ങളായ ടൂറിസം, ലോജിസ്റ്റിക്‌സ്, എന്റര്‍ടെയ്ന്‍മെന്റ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളും തിരിച്ചുവരാന്‍ ഇത്രത്തോളം തന്നെ സമയം എടുക്കുമത്രെ. എന്നാല്‍ അപ്പാരെല്‍ & ബ്യൂട്ടി പ്രോഡക്റ്റ്, ബെവ്‌റിജസ്, ആല്‍ക്കഹോളിക് ബെവ്‌റിജസ്, ഇന്‍ഷുറന്‍സ്, അഗ്രികള്‍ച്ചര്‍, കെമിക്കല്‍സ്, മെറ്റല്‍സ് & മൈനിംഗ്, സര്‍വീസസ് ഇന്‍ഡസ്ട്രീസ്, ഓഫ്‌ലൈന്‍ റീറ്റെയ്ല്‍, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ മേഖലകള്‍ 9-12 മാസങ്ങള്‍ കൊണ്ട് തിരിച്ചുവരവ് നടത്തുമത്രെ.

ഫുഡ് റീറ്റെയ്ല്‍, ടെലികമ്യൂണിക്കേഷന്‍സ്, യൂട്ടിലിറ്റി സര്‍ീസസ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകള്‍ ഹൃസ്വകാലം കൊണ്ട് അതിവേഗ വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മേഖലകള്‍ 6-9 മാസങ്ങള്‍ കൊണ്ട് സ്ഥിരത കൈവരിക്കുമെന്ന് സര്‍വേഫലം പറയുന്നു. കൂടാതെ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ഹെല്‍ത്ത് കെയര്‍, പെഴ്‌സണല്‍ കെയര്‍, ഓണ്‍ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്, എഡ്യുക്കേഷന്‍ എന്നീ മേഖലകളുടെ വളര്‍ച്ചയിലും കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഇത്തരം മേഖലകളുടെ വളര്‍ച്ച ദീര്‍ഘകാലത്തേക്ക് തുടരാനുള്ള സാധ്യതയാണുള്ളത്.

ഇന്ത്യയിലെ വ്യവസായ രംഗത്ത് 9-10 ലക്ഷം കോടി രൂപയുടെ അടിയന്തര ഉത്തേജക പാക്കേജ് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 4-5 ശതമാനത്തോളം വരും. കോവിഡ്- 19 ഇന്ത്യ: ഇക്കണോമിക് ഇംപാക്റ്റ് & മിറ്റിഗേഷന്‍ എന്ന് പേരിട്ട സര്‍വേയാണ് ഫിക്കി നടത്തിയത്.

Author

Related Articles