News

ഒയോ ഐപിഒ: നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെബിയെ സമീപിച്ച് എഫ്എച്ആര്‍ഐ

മുംബൈ: ഒയോ ഐപിഒക്കുള്ള നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റാലിറ്റി സംഘടനയായ എഫ്എച്ആര്‍ഐ സെബിയെ സമീപിച്ചു. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്ന് കാരണം പറഞ്ഞാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് കമ്പനി.

സെബി ചെയര്‍മാനാണ് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്  അസോസിയേഷന്‍ ഓഫ് ഇന്ത്യ കത്തയച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഒക്ടോബര്‍ മാസത്തിലും ഇതേ ആവശ്യവുമായി സംഘടന സെബിയെ സമീപിച്ചിരുന്നു. കോടതിയില്‍ കമ്പനിക്കെതിരായ ഉള്ള കേസുകള്‍ വെളിപ്പെടുത്തില്ലെന്ന് അടക്കം ഐപിഒയുമായി ബന്ധപ്പെട്ട അപേക്ഷയില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടെന്നായിരുന്നു സംഘടനയുടെ അന്നത്തെ ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജ സൃഷ്ടിയും തെറ്റിദ്ധാരണാജനകവുമാണെന്ന് ഒയോ കമ്പനി ആരോപിക്കുന്നു. ഈ വര്‍ഷം ഒക്ടോബറിലാണ് ഒയോ ഇനീഷ്യല്‍ പബ്ലിക് ഓഫറിലേക്കുള്ള  ആദ്യ ചുവടു വെച്ചത്. 8430 കോടി രൂപ ഐപിഒയിലൂടെ നിക്ഷേപമായി സമാഹരിക്കാനാണ് കമ്പനിയുടെ ശ്രമം. ഹോട്ടലുടമകള്‍ ശക്തമായ എതിര്‍പ്പുന്നയിക്കുമ്പോള്‍ ഒയോയുടെ ഭാവി എന്തായിരിക്കുമെന്ന് കണ്ടുതന്നെ അറിയണം.

Author

Related Articles