News

നടപ്പു സാമ്പത്തിക വര്‍ഷം ആശുപത്രികള്‍ 22 ശതമാനം വരുമാന വളര്‍ച്ച നേടുമെന്ന് ഐസിആര്‍എ

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ആശുപത്രികള്‍ മൊത്തമായി 20-22 ശതമാനം വരുമാന വളര്‍ച്ചയും പ്രവര്‍ത്തന ലാഭക്ഷമതയില്‍ 200ലധികം ബേസിസ് പോയിന്റുകളുടെ മെച്ചപ്പെടലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ-യുടെ റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെടുന്നത് ആശുപത്രികളുടെ വരുമാനം മെച്ചപ്പെടുന്നതില്‍ കാര്യമായ പങ്കുവഹിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് -19 ന്റെ ആദ്യ തരംഗം ആശുപത്രികളെ സാരമായി ബാധിച്ചു, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മിക്കവാറും എല്ലാ ആശുപത്രികളും നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി ഇടിയുകയും മെഡിക്കല്‍ ടൂറിസം സ്തംഭിക്കുകയും ചെയ്തു. ഒപിയിലെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും കോവിഡ് കേസുകള്‍ കുറയുകയും ചെയ്തതോടെ, 2020- 21ന്റെ നാലാം പാദത്തില്‍ ഈ മേഖലയിലെ തൊഴിലുകളില്‍ വീണ്ടെടുപ്പ് പ്രകടമാകുകയും ആശുപത്രികളിലെ ഒക്യുപ്പന്‍സി കൊറോണയ്ക്ക് മുന്‍പുള്ള തലത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഐസിആര്‍എ പരിശോധനയ്ക്ക് എടുത്ത ഹോസ്പിറ്റല്‍ ഗ്രൂപ്പുകളുടെ ഒക്യുപെന്‍സി 2020-21 രണ്ടാം പാദത്തില്‍ 53 ശതമാനമായും മൂന്നാം പാദത്തിലും നാലാം പാദത്തിലും 59 ശതമാനമായും മെച്ചപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 37 ശതമാനം എന്ന ഏറെ താഴ്ന്ന നിലയിലേക്ക് ഹോസ്പിറ്റല്‍ ഒക്യുപ്പന്‍സി താഴ്ന്നിരുന്നു.

''സാമ്പിള്‍ സെറ്റിലെ കമ്പനികള്‍ നാലാം പാദത്തില്‍ 18.4 ശതമാനം പ്രവര്‍ത്തന മാര്‍ജിന്‍ പ്രകടമാക്കി. സമീപ കാലത്തെ പല പാദങ്ങളിലെയും ഏറ്റവും ഉയര്‍ന്ന തലമാണിത്,'' ഐസിആര്‍എ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും സെക്ടര്‍ മേധാവിയുമായ മൈത്രി മചെര്‍ല പറഞ്ഞു. ജനുവരി-മാര്‍ച്ച് പാദത്തില്‍ നടപ്പാക്കിയ ചിലവ് ചുരുക്കല്‍ നടപടികള്‍ പലതും സാധാരണ നിലയിലേക്ക് പോകുന്നതും കോവിഡ് -19 ചികിത്സയുടെ ഉയര്‍ന്ന ചെലവും കാരണം ലാഭക്ഷമത നാലാംപാദത്തെ അപേക്ഷിച്ച് കുറവായിരിക്കും.

Author

Related Articles