News

5 മാസങ്ങളിലായി രാജ്യത്തെ 7 മുന്‍നിര നഗരങ്ങളിലെ ഭവന വില്‍പ്പന ഉയര്‍ന്നത് 23 ശതമാനം

ന്യൂഡല്‍ഹി: 2021ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ രാജ്യത്തെ 7 മുന്‍നിര നഗരങ്ങളിലെ ഭവന വില്‍പ്പന 23 ശതമാനം ഉയര്‍ന്ന് 1,32,818 യൂണിറ്റായെന്ന് റിയല്‍ എസ്റ്റേറ്റ് ഡാറ്റ, റിസര്‍ച്ച്, അനലിറ്റിക്‌സ് സ്ഥാപനമായ പ്രോപ്ക്വിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,08,199 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നത്. 

കോവിഡ് -19 രണ്ടാംതരംഗത്തിന് തൊട്ടുമുമ്പു വരെയുള്ള ഏപ്രില്‍ പകുതി വരെയാണ് വില്‍പ്പനയുടെ ഭൂരിഭാഗവും നടന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ (എംഎംആര്‍), പൂനെ എന്നിവിടങ്ങളെയ ഭവന വില്‍പ്പന 2021 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ 2020ലെ സമാന കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 16 ശതമാനം, 40 ശതമാനം, 39 ശതമാനം, 29 ശതമാനം, 34 ശതമാനം എന്നിങ്ങനെ വര്‍ധിച്ചു.   

എന്നിരുന്നാലും, ദേശീയ തലസ്ഥാന മേഖലയും കൊല്‍ക്കത്തയും നെഗറ്റിവ് പ്രവണത പ്രകടമാക്കി. ഇക്കാലയളവില്‍ ഗാര്‍ഹിക വില്‍പ്പനയില്‍ യഥാക്രമം 11 ശതമാനവും 20 ശതമാനവും ഇടിവാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. വലിയ തോതിലുണ്ടായ കൊറോണ വ്യാപനവും ലോക്ക്ഡൗണുമാണ് ന്യൂഡെല്‍ഹിയിലെ ഭവന വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചത്. 

പുതുതായി വിതരണത്തിന് എത്തുന്ന ഭവന നിര്‍മാണ യൂണിറ്റുകളുടെ എണ്ണം മുന്‍വര്‍ഷം സമാന കാലയളവിലെ 1,13,699 യൂണിറ്റുകളില്‍ നിന്ന് 24 ശതമാനം കുറഞ്ഞ് 86,746 യൂണിറ്റുകളായി. എന്നാല്‍ ചെന്നൈ, എന്‍സിആര്‍ എന്നിവയ്ക്ക് യഥാക്രമം 20 ശതമാനവും 50 ശതമാനവും വളര്‍ച്ച പുതിയ യൂണിറ്റുകളുടെ കാര്യത്തില്‍ രേഖപ്പെടുത്താനായി. ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, എംഎംആര്‍, പൂനെ എന്നിവ യഥാക്രമം 35 ശതമാനം, 28 ശതമാനം, 28 ശതമാനം, 31 ശതമാനം, 23 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Author

Related Articles