കൊവിഡ് വ്യാപനം: പ്രതിരോധ വാക്സിനുകള്‍ക്ക് 400-1200 രൂപ; എന്തുകൊണ്ട് വില വ്യത്യാസം?
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്സിന് ഏറെ പ്രസക്തമാകുകയാണ്. വാക്സിന് കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമായ ഒന്നായി മാറിയിരിക്കുകയുമാണ്. രണ്ട് വാക്സിനുകളാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന ഓക്സ്ഫോര്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും. വാക്സിന് വിതരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നയം മാറ്റിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും പൊതുവിപണയില്‍ നിന്ന് ഈ വാക്സിന് വാങ്ങണം. നിലവില്‍ 18-45നും ഇടയില്‍ പ്രായമായവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നും പൈസ നല്കി വാക്സിന് സ്വീകരിക്കേണ്ട അവസ്ഥയാണ്.
അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ വാക്സിന് വിതരണം തകൃതിയായി നടക്കുകയാണ്. എന്നാല്‍ അവിടങ്ങളില്‍ എല്ലാം വാക്സിന് വിതരണം പൂര്‍ണമായും സൗജന്യമാണ്. ആ വിഷയം ആണ് ഇപ്പോള്‍ ഇന്ത്യയിലും ഉന്നയിക്കപ്പെടുന്നത്. ഇന്ത്യയില്‍ ആദ്യം ഉത്പാദനം തുടങ്ങിയതും പരീക്ഷണം പൂര്‍ത്തിയാക്കിയതും കൊവിഷീല്‍ഡ് വാക്സിന് ആയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സിന് ഉത്പാദിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ വാക്സിന് നിര്‍മാതാക്കളാണ്. എന്നാല്ഈ വാക്സിന്റെ കണ്ടെത്തലുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു ബന്ധവും ഇല്ല. കേന്ദ്ര സര്‍ക്കാരിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡ് വാക്സിന് നല്‍കുന്നത് 150 രൂപ നിരക്കില്‍ ആണ്. ഈ വാക്സിന് ആണ് സംസ്ഥാനങ്ങളില്‍ ഇതുവരെ വിതരണം ചെയ്തുകൊണ്ടിരുന്നത്. കൊവാക്സിനും ഇതേ നിരക്കില്‍ തന്നെ ആയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആ വാക്സിന് നയം തിരുത്തിയിരിക്കുകയാണ്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആഭ്യന്തര വിപണിയ്ക്ക് വേണ്ടി ഉത്പാദിപ്പിക്കുന്ന വാക്സിന്റെ അമ്പത് ശതമാനവും കേന്ദ്ര സര്‍ക്കാരിന് നല്‍കണം. ഇത് 150 രൂപയ്ക്ക് ആയിരിക്കും വാങ്ങുക. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങള്‍ 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും ആയിരിക്കും വാക്സിന് നല്‍കുക എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിക്കഴിഞ്ഞു. ഭാരത് ബയോടെക്കും സര്‍ക്കാര്‍ മേഖലയിലുള്ള ഐസിഎംആറും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന് ആണ് കൊവാക്സിന്. കേന്ദ്ര സര്‍ക്കാര്‍ വഴിയായിരുന്നു ഈ വാക്സിനും വിതരണം ചെയ്തിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം പ്രകാരംഭാരത് ബയോടെക്കും പുതിയ നിരക്കുകള്‍ നിശ്ചയിച്ചു.
കൊവിഷീല്‍ഡിന്റെ പൊതുവിപണയിലെ വില തന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന വിലയാണ് കൊവാക്സിന് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ ആണ് ഇവര്‍ വാക്സിന് നല്‍കുക. സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് പതിനഞ്ച് മുതല്‍ 20 ഡോളര്‍ വരേയും വില നിശ്ചയിച്ചിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് നിശ്ചയിച്ച വില തന്നെ ലോകത്തിലെ ഏറ്റവും വലിയ വാക്സിന് വില ആണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ ഭാരത് ബയോടെക്കിന്റെ വാക്സിന് വില കൂടി പുറത്ത് വന്നതോടെ കൊവിഷീല്‍ഡിന്റെ റെക്കോര്‍ഡ് മറികടക്കപ്പെട്ടിരിക്കുകയാണ്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കൊവിഷീല്‍ഡ് വാക്സിന് കണ്ടെത്തേണ്ടതിന്റെ ഒരു സാമ്പത്തിക ബാധ്യതയും നേരിടേണ്ടി വന്നിരുന്നില്ല. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി കണ്ടെത്തിയ വാക്സിന്റെ വന്‍തോതിലുള്ള ഉത്പാദനത്തിന്റെ കരാര്‍ മാത്രമാണ് ആസ്ട്രെ സെനക്കയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ളത്. എന്നാല്‍ കൊവാക്സിന് അങ്ങനെയല്ല. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചും ചേര്‍ന്നാണ് കൊവാക്സിന് വികസിപ്പിച്ചെടുത്തത്. വിലയിലെ വ്യത്യാസത്തിന്റെ പ്രധാനം കാരണം ഇത് തന്നെയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍