News

ആദ്യമായി ചൈനയ്ക്ക് പുറത്ത് ഓഫീസ് സ്ഥാപിച്ച് വാവെ; ഗള്‍ഫ് മേഖല ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍

ബീജിങ്: ലോകോത്തര സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ചൈനയുടെ വാവെയ് ആദ്യമായി ചൈനയ്ക്ക് പുറത്ത് ഓഫീസ് സ്ഥാപിക്കുന്നു. സൗദി അറേബ്യയില്‍ സ്റ്റോര്‍ നിര്‍മിക്കാന്‍ കമ്പനി തീരുമാനിച്ചു. സൗദിയിലെ കാദെന്‍ ഇന്‍വെസ്റ്റ്മെന്റുമായി വാവെയ് കരാര്‍ ഒപ്പുവച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനിക്ക് സൗദിയിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍പ്പന നടത്താന്‍ സഹായിക്കുന്നതാണ് കരാര്‍.

സൗദിയില്‍ നിന്ന് ഡിജിറ്റല്‍ ഉപകരങ്ങള്‍ക്ക് വര്‍ധിച്ച തോതിലുള്ള ആവശ്യമാണുണ്ടാകുന്നത്. ഈ അവസരം മുതലെടുക്കാനാണ് വാവെയ് കമ്പനിയുടെ ലക്ഷ്യം. 2017ല്‍ സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ കണക്ക് 73 ശതമാനമാണ്. അടുത്ത വര്‍ഷം ഇത് 82 ശതമാനമായി ഉയരുമെന്നാണ് സൗദി അറേബ്യ കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് ഇനിയും ആവശ്യക്കാര്‍ ഏറുമെന്ന് ചുരുക്കം. ഈ അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് കമ്പനിയുടെ നീക്കം.

അറബിക് ഭാഷയിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളാണ് വാവെയ് വില്‍ക്കുക എന്നാണ് വിവരം. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം ചൈനയ്ക്ക് പുറത്ത് വില്‍പ്പന ശക്തിപ്പെടുത്താന്‍ വാവെയ്ക്ക് ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. ട്രംപ് ഒരുക്കിയ തടസങ്ങള്‍ ജോ ബൈഡന്‍ തുടരില്ല എന്നാണ് സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നത്. ജനുവരി 20നാണ് ജോ ബൈഡന്‍ ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത്.

Author

Related Articles