News

ചൈനീസ് ബന്ധം, ഇന്ത്യക്ക് വിശ്വാസമില്ല; 5ജി വെന്‍ഡര്‍മാരുടെ പട്ടികയില്‍ നിന്ന് വാവെ പുറത്തായേക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ 5ജി തരംഗത്തില്‍ വലിയ കുതിപ്പ് നടത്താമെന്ന് സ്വപ്നം കണ്ട കമ്പനിയാണ് ചൈനയുടെ വാവെയ്. എന്നാല്‍ ചൈനീസ് സര്‍ക്കാരുമായും അവരുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായും വാവെയ്ക്ക് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധം ഇന്ത്യയില്‍ കമ്പനിയുടെ സാധ്യതകളെല്ലാം ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുകയാണ്.

അടുത്ത തലമുറ സാങ്കേതികവിദ്യയായ 5ജിയുടെ വിന്യാസത്തില്‍ ശക്തമായ സാന്നിധ്യമായ വാവെയ് ഇന്ത്യയില്‍ നിന്ന് പുറത്തായേക്കും. 5ജി അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ വിശ്വാസ്യതയുള്ള കമ്പനികളെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വാവെയെ വിശ്വാസ്യതയുള്ള വെന്‍ഡര്‍മാരുടെ പട്ടികയില്‍ പെടുത്തേണ്ടെന്നാണ് നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്റര്‍ തീരുമാനിച്ചതെന്ന് അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സൈബര്‍ സെക്യൂരിറ്റി ഓഫീസാണ് നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്റര്‍.   

അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങളും വാവെയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. വാവെയ്‌ക്കെതിരെയുള്ള നീക്കങ്ങളെ ചെറുക്കാന്‍ നയതന്ത്രതലത്തിലും അല്ലാതെയും ചൈന കടുത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യയില്‍ തങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണെന്നായിരുന്നു കമ്പനി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.

ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരവും അമേരിക്കയുടെ ചൈനീസ് കമ്പനികള്‍ക്കെതിരായ നീക്കവുമെല്ലാം വാവെയ് ഉള്‍പ്പടെയുള്ള ചൈനീസ് കമ്പനികളെ ബാധിച്ചിരുന്നു. ഇന്ത്യയിലെ ടെലികോം അടിസ്ഥാനസൗകര്യമേഖലയില്‍ വമ്പന്‍ താല്‍പ്പര്യങ്ങളുള്ള വാവെയ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ 5ജി അടിസ്ഥാനസൗകര്യ സേവനങ്ങളില്‍ ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും തന്നെ ഇതുവരെ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.

Author

Related Articles