News

കോവിഡില്‍ വലഞ്ഞ് കെട്ടിട ഉടമകള്‍; കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു

കോവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധി എല്ലാ ബിസിനസ് മേഖലകളെയും ബാധിച്ചപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളമായി ഒഴിഞ്ഞുകിടക്കുന്നത് നിരവധി കൊമേഴ്സ്യല്‍ കെട്ടിടങ്ങള്‍. ബിസിനസ് പ്രതിസന്ധിയിലായതുകൊണ്ട് കമ്പനികള്‍ തങ്ങളുടെ ഓഫീസുകളുടെ എണ്ണം കുറയ്ക്കുകയും നിരവധി ബിസിനസുകളും ഷോപ്പുകളും പൂട്ടിപ്പോവുകയും ചെയ്തതോടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയുണ്ടായി. ഇതോടെ കെട്ടിടഉടമകള്‍ കടുത്ത പ്രതിന്ധിയിലാണ്.

കോവിഡ് പ്രതിസന്ധി മൂലം ബംഗലൂരുവില്‍ 50,000 ഷോപ്പുകള്‍ അടച്ചുപൂട്ടിയെന്നാണ് കണക്ക്. മറ്റുപല ബിസിനസുകളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. കേരളത്തിലെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാണ്. പല സംരംഭകരും എങ്ങനെയെങ്കിലും ഓണം വരെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ്. ഓണത്തിന് കാര്യമായ ബിസിനസ് കിട്ടിയില്ലെങ്കില്‍ ഇവയുടെ ഭാവി ചോദ്യചിഹ്നമായേക്കും.

വില്‍പ്പന കുറഞ്ഞതോടെ നിലനില്‍ക്കാനാകാതെ കേരളത്തിലെ നിരവധി ഷോപ്പുകള്‍ പൂട്ടിപ്പോയ അവസ്ഥയിലാണ്. നിലനില്‍ക്കുന്നവ തന്നെ തങ്ങളുടെ സ്പേസ് കുറച്ച് വാടകച്ചെലവ് ലാഭിക്കുന്നു. കമ്പനികളാകട്ടെ തങ്ങളുടെ നഗരങ്ങളിലുള്ള ഓഫീസുകളുടെ എണ്ണം കുറച്ചുകൊണ്ട് ചെലവുചുരുക്കല്‍ നടപടികളിലാണ്. മറ്റുചിലര്‍ നഗരത്തിലെ വാടകകൂടിയ ഓഫീസുകള്‍ വിട്ട് ചെറുപട്ടണങ്ങളിലേക്ക് ചേക്കേറുന്നു.

ഇപ്പോള്‍ ഒഴിഞ്ഞുപോകുന്ന കെട്ടിടങ്ങളിലേക്ക് പുതിയ ആളുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വരുന്നില്ല. ആരും പുതിയതൊന്നും തുടങ്ങാനുള്ള മാനസികാവസ്ഥയിലല്ലെന്ന് കെട്ടിടഉടമകള്‍. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ മേഖലയ്ക്ക് അടുത്ത കാലത്തെങ്ങും ഒരു തിരിച്ചുവരവ് ഉണ്ടാകാനിടയില്ലെന്ന് ഇവര്‍ പറയുന്നു.

ജീവനക്കാര്‍ക്ക് കോവിഡ് മൂലം ഓഫീസില്‍ വരാന്‍ പറ്റാത്ത സാഹചര്യം. കമ്പനികള്‍ക്കാകട്ടെ ചെലവ് ചുരുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന അവസ്ഥ. ഈ സാഹചര്യത്തില്‍ വര്‍ക് ഫ്രം ഹോം എന്ന ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പരമാവധി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം കൊടുത്തശേഷം ആവശ്യമില്ലാത്ത ഓഫീസുകളുടെ എണ്ണം കുറച്ച് വാടകയടക്കമുള്ള ചെലവുകള്‍ ലാഭിക്കുകയാണ് സ്ഥാപനങ്ങള്‍. ഐടി മേഖലയിലടക്കം നിരവധി ഓഫീസുകള്‍ കേരളത്തില്‍ അടച്ചുപൂട്ടിക്കഴിഞ്ഞു.

വര്‍ക് ഫ്രം ഹോം റെസിഡന്‍ഷ്യല്‍ മേഖലയിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ജോലി ചെയ്യാന്‍ ഓഫീസില്‍ പോകേണ്ടെന്ന സാഹചര്യവും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ആയതോടെ നഗരത്തില്‍ വലിയ വാടക കൊടുത്ത് നില്‍ക്കേണ്ട ആവശ്യം ഇല്ലാതെയായി. അതോടെ പലരും വാടകവീടുകള്‍ ഉപേക്ഷിച്ച് തങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോയി. എവിടെയിരുന്നാലും ജോലിയും നടക്കും, കുട്ടികളുടെ വിദ്യാഭ്യാസവും നടക്കും. ഇതോടെ കേരളത്തിലെ നഗരങ്ങളില്‍ നിരവധി വീടുകളും ഫ്ളാറ്റുകളും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണിപ്പോള്‍. വീടിന്റെ ഒരു നില വാടകയ്ക്ക് കൊടുത്ത് ആ വരുമാനം കൊണ്ട് ജീവിച്ചിരുന്ന മുതിര്‍ന്ന പൗരന്മാര്‍ അടക്കമുള്ളവരെയാണ് ഈ കടുത്ത പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.

''വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ ഡിമാന്റ് വല്ലാതെ കുറഞ്ഞിട്ടുണ്ട്. പല പ്രോജക്റ്റുകളും പൂര്‍ത്തീകരിക്കാനാകാതെ കിടക്കുകയാണ്. ഷോപ്പുകളിലാണെങ്കില്‍ വില്‍പ്പനയും നടക്കുന്നില്ലാത്തതിനാല്‍ അവര്‍ക്ക് വാടക നല്‍കാനുള്ളത് പോലും കിട്ടുന്നില്ല. പ്രശ്നം മനസിലാക്കി ഏതാനും മാസങ്ങള്‍ വാടക ഒഴിവാക്കി കൊടുത്തിരുന്നു. പക്ഷെ എത്രനാള്‍ അതിന് സാധിക്കും. കെട്ടിടങ്ങളുടെ വാടകവരുമാനം കൊണ്ട് മുന്നോട്ടുപോകുന്ന ചെറുകിടകെട്ടിട ഉടമകള്‍ പ്രതിസന്ധിയിലാണ്. കോവിഡ്, മണ്ണിടിച്ചില്‍, വിമാനദുരന്തം, പ്രളയം... എല്ലാം കൂടി ഒന്നിച്ചുവന്നിരിക്കുകയാണ്. എല്ലാ മേഖലയിലുമുള്ള സംരംഭകര്‍ വലിയ ആശങ്കയിലാണ്. 60 വര്‍ഷമായി ബിസിനസിലുള്ള ഞാന്‍ ഇതുപോലൊരു പ്രതിസന്ധി ഇതുവരെ കണ്ടിട്ടില്ല.'' സ്മോള്‍ സ്‌കെയ്ല്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ രക്ഷാധികാരിയായ ഷെവലിയാര്‍ സിഇ ചാക്കുണ്ണി പറയുന്നു.

ലോക്ഡൗണിന് ശേഷം അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴിച്ച് ബാക്കിയെല്ലാ ഷോപ്പുകളുടെയുംതന്നെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ടെക്സ്‌റ്റൈല്‍, ഫുട്വെയര്‍, സ്റ്റേഷനറി, റെസ്റ്റോറന്റ്, ഫര്‍ണിച്ചര്‍, ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത പ്രഹരമാണ് കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. നിരവധി ഷോപ്പുകള്‍ പൂട്ടിപ്പോയി.

''സൂപ്പര്‍മാര്‍ക്കറ്റ്, ഫര്‍ണിച്ചര്‍ രംഗത്തുള്ളവര്‍ക്കാണ് ഷോപ്പുകള്‍ക്കായി ഏറെ സ്ഥലം ആവശ്യമായി വരുന്നത്. അതിനനുസരിച്ച് കൂടിയ വാടകയും കൊടുക്കേണ്ടിവരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ഫര്‍ണിച്ചര്‍ മേഖലയിലുള്ള പലരും ഈയിടെയായി ബിസിനസ് നിര്‍ത്തിപ്പോയിട്ടുണ്ട്. മറ്റുചിലര്‍ ചെലവ് ചുരുക്കാനായി ഷോപ്പിന്റെ ഏരിയ കുറയ്ക്കുകയാണ്.'' ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് & മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരിയും പ്രൈം ഡെക്കറിന്റെ ഉടമയുമായ പി.പവിത്രന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ചില കെട്ടിടഉടമകള്‍ വാടക കുറയ്ക്കാന്‍ തയാറാകുന്നുണ്ട്. പക്ഷെ ഒരിക്കല്‍ വാടക കുറച്ചാല്‍ പിന്നീടൊരിക്കലും കൂട്ടാനാകില്ലെന്ന് പറഞ്ഞ് അതിന് തയാറാകാത്തവരുമുണ്ട്.

''കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള പുതിയ കൊമേഴ്സ്യല്‍ കെട്ടിടങ്ങളില്‍ 60 ശതമാനത്തോളം ഒഴിഞ്ഞുകിടക്കുകയാണ്. പലരും ഓഫീസുകള്‍ വാടക കുറഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റുന്നു. ഞങ്ങള്‍ തന്നെ മണ്ണാര്‍ക്കാടുണ്ടായിരുന്ന ഓഫീസ് ഒഴിവാക്കി പാലക്കാടുള്ള ഞങ്ങളുടെ ഫാം പ്രോജക്റ്റിലേക്ക് ഓഫീസ് മാറ്റി. വര്‍ക് നിയര്‍ ഹോം എന്ന ആശയം. അതുകൊണ്ട് പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഞങ്ങളുടെ ജീവനക്കാരിലേറെയും. അവര്‍ക്ക് വീടിനടുത്ത് ജോലി ചെയ്യാനുള്ള അവസരവുമുണ്ടായി.'' പഴേരി പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ കരീം പഴേരി പറയുന്നു.

''കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് ഈ വര്‍ഷം 80 ശതമാനത്തോളം ബിസിനസ് കുറഞ്ഞിരിക്കുകയാണ്. ആകെ ലഭിക്കുന്ന 20 ശതമാനം ബിസിനസ് കൊണ്ട് വാടകയ്ക്കും മറ്റ് ചെലവുകളും നടത്താന്‍ വ്യാപാരികള്‍ക്ക് കഴിയുന്നില്ല. കേരളത്തിലെ ഷോപ്പിംഗ് കോംപ്ലക്സുകളും മാളുകളും പലതും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. ആരും തന്നെ പുതിയതായി വരുന്നുമില്ല.'' മെട്രന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഷാജുദ്ദീന്‍ പി പറയുന്നു.

അതിനിടെ വഴിയരുകിലെ വ്യാപാരം കൂടിവരുകയാണ്. ഇതും കടകളിലേക്കുള്ള കച്ചവടം കുറയ്ക്കുന്നു. ''വ്യാപാരികളും കെട്ടിടഉടമകളും ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് മനസിലാക്കി സര്‍ക്കാര്‍ ഒരു വര്‍ഷത്തെ കെട്ടിടനികുതി ഒഴിവാക്കിത്തന്നാല്‍ അതിന്റെ ആനുകൂല്യം വാടകക്കാര്‍ക്ക് ലഭിക്കും. ഈ സാഹചര്യത്തില്‍ അതൊരു ആശ്വാസമാകും.'' ഷെവലിയാര്‍ സിഇ ചാക്കുണ്ണി കൂട്ടിച്ചേര്‍ക്കുന്നു.

Author

Related Articles