News

ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി: എയര്‍ടെലും ഹ്യൂഗ്‌സും ഒരുമിക്കുന്നു

ന്യൂഡല്‍ഹി: എയര്‍ടെലിന് പങ്കാളിത്തമുള്ള വണ്‍വെബ് ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാനായി എയര്‍ടെലും ഉപഗ്രഹ കമ്പനിയായ ഹ്യൂഗ്‌സും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിച്ചു. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിയുടെ മുഖ്യ എതിരാളിയാണ് വണ്‍വെബ്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യാ മേധാവി രാജിവയ്ക്കുകയും സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രീബുക്കിങ് തുക ഉപയോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തു തുടങ്ങിയതിന്റെ പിറ്റേന്നാണ് എയര്‍ടെലിന്റെ കമ്പനി പ്രഖ്യാപനം. എയര്‍ടെലിന് 33 ശതമാനവും ഹ്യൂഗ്‌സിന് 67 ശതമാനം ഓഹരിയുമുണ്ടാകും. മേയ് മുതല്‍ വണ്‍വെബ് സേവനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നത് ഈ കമ്പനിയായിരിക്കും.

ഐഎസ്ആര്‍ഒയുടെ സഹായത്തോടെ അടുത്ത വര്‍ഷം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും വണ്‍വെബ്ബിനു പദ്ധതിയുണ്ട്. ഇതിനായി ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായി വണ്‍വെബ് കരാര്‍ ഒപ്പുവച്ചിരുന്നു. പിഎസ്എല്‍വി, ജിഎസ്എല്‍വിമാര്‍ക് ത്രീ എന്നീ റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുക. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് നല്‍കുന്നത്.

Author

Related Articles