News

നേച്ചര്‍ പ്രൊഡക്ട് ബ്രാന്‍ഡുമായി ഹിന്ദുസ്ഥാന്‍ യുണിലീവര്‍; അണുമുക്ത ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും

കൊച്ചി: കോവിഡ് മൂലം എല്ലാ വീടുകളിലും അണുമുക്ത ശുചിത്വത്തെപ്പറ്റിയുള്ള ഉല്‍കണ്ഠയ്ക്കു പരിഹാരമായി 'നേച്ചര്‍ പ്രൊഡക്ട്' എന്ന ബ്രാന്‍ഡ് പേരില്‍ ഉല്‍പന്നനിരയുമായി ഹിന്ദുസ്ഥാന്‍ യുണിലീവര്‍ (എച്ച്യുഎല്‍) വിപണിയിലെത്തി. വിപണിയില്‍ നിന്നു വാങ്ങുന്ന പലവ്യഞ്ജനവും പച്ചക്കറിയും പഴങ്ങളും അണുമുക്തമാണെന്ന് ഉറപ്പു വരുത്തുക, വീടുകളിലെ ഉപകരണങ്ങളും തറയും വസ്ത്രങ്ങളും അണുമുക്തമാക്കുക എന്നീ ആവശ്യങ്ങള്‍ക്കാണ് ഈ ഉല്‍പന്നങ്ങള്‍. ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പാക്കിയാണു പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് ഉല്‍പന്ന നിരയ്ക്കു രൂപം നല്‍കിയതെന്നു ഹിന്ദുസ്ഥാന്‍ യുണിലീവര്‍ ഹോം കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രഭ നരസിംഹന്‍ പറഞ്ഞു.

പഴം,പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ മേല്‍ സ്‌പ്രേ ചെയ്യാവുന്നതാണ് ഇതിലൊന്ന്. വിവിധ ഉപകരണങ്ങളും ഉല്‍പന്നങ്ങളും തുടച്ചു വൃത്തിയാക്കാനും അണുമുക്തമാക്കാനും ടിഷ്യുവൈപ്‌സ്, തുണികള്‍ കഴുകാനുള്ള അലക്കുപൊടി, തറതുടയ്ക്കാനുള്ള പൊടി എന്നിവയും നേച്ചര്‍ പ്രൊഡക്ട് ബ്രാന്‍ഡിന്റെ ഭാഗമാണ്. വൃത്തിയാക്കലിനും പുറമേ അണുമുക്തമാക്കാനും ഉപകരിക്കുന്നുവെന്നതാണ് എല്ലാറ്റിന്റേയും പ്രത്യേകത.

നിലവില്‍ ദക്ഷിണേന്ത്യന്‍ വിപണിയിലേക്കാണ് ഉല്‍പന്നനിര എത്തുക. ഇവിടത്തെ പ്രതികരണം അറിഞ്ഞ ശേഷം ഉത്തരേന്ത്യന്‍ വിപണിയിലും എത്തിക്കും. ഇന്ത്യയിലെ ശുചിത്വ ഉല്‍പന്നങ്ങളുടെ വിപണി വര്‍ഷം 3000 കോടിയുടേതാണ്. പക്ഷേ അതിന്റെ 20% മാത്രമാണു കമ്പനികളുടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പു നല്‍കുന്ന ഇവ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയും പുതിയ ബ്രാന്‍ഡിന്റെ ലക്ഷ്യമാണ്.

Author

Related Articles