News

ശമ്പളം വെളിപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്; 50 ശതമാനം നികുതിയായി അടക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി എല്ലാ പൗരന്മാരും മുടങ്ങാതെ നികുതിയടക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തര്‍പ്രദേശില്‍ സ്വന്തം നാട്ടില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും നികുതിയടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി ഉത്തര്‍പ്രദേശിലെത്തിയത്. 

ജിന്‍ജാക് നഗരത്തില്‍ വെള്ളിയാഴ്ച നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്ന് കാന്‍പൂരിലേക്ക് പ്രത്യേക തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താതിരിക്കുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം കൊണ്ട് ആ ട്രെയിന്‍ ചിലര്‍ നിര്‍ബന്ധപൂര്‍വ്വം നിര്‍ത്തിക്കുകയോ, തീയിടാറോ ഉണ്ട്. അങ്ങിനെ ചെയ്യുമ്പോള്‍ ആര്‍ക്കാണ് നഷ്ടം? അത് സര്‍ക്കാരിന്റേതാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അത് നികുതിദായകരുടെ പണമാണ്' അദ്ദേഹം പറഞ്ഞു.

'എല്ലാവരും എനിക്ക് മാസം അഞ്ച് ലക്ഷം രൂപ കിട്ടുന്നതായി പറയുന്നു. അതിനും നികുതിയടക്കുന്നുണ്ട്. 2.75 ലക്ഷം രൂപ താന്‍ എല്ലാ മാസവും നികുതിയായി അടക്കാറുണ്ട്,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കേട്ട സദസ് കരഘോഷം മുഴക്കിയതായും വിവിധ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി അടയ്‌ക്കേണ്ടതാണെന്നും അത് രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്നും തന്റെ പ്രസംഗത്തിലൂടെ രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

Author

Related Articles