News

ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ നാലാംപാദ അറ്റാദായം 58 ശതമാനം ഉയര്‍ന്ന് 7,719 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 44 ശതമാനം ഉയര്‍ന്ന് 23,339 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം നാലാം പാദത്തില്‍ 23,953 കോടി രൂപയില്‍ നിന്ന് 27,412 കോടി രൂപയായി ഉയര്‍ന്നതായും ബാങ്ക് വ്യക്തമാക്കി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2022 മാര്‍ച്ച് 31 വരെ, മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 4.96 ശതമാനത്തില്‍ നിന്ന്, 3.60 ശതമാനമായി മെച്ചപ്പെട്ടു.

പതിനേഴ് ശതമാനത്തിലേറെയുള്ള വായ്പാ വളര്‍ച്ചയുടെയും, അറ്റ പലിശ മാര്‍ജിന്‍ നാല് ശതമാനമായി വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഈ പാദത്തില്‍ ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 21 ശതമാനം വര്‍ധിച്ച് 12,605 കോടി രൂപയായി. ട്രഷറി വരുമാനം ഒഴികെയുള്ള പലിശേതര വരുമാനം 11 ശതമാനം വര്‍ധിച്ച് 4,608 കോടി രൂപയായി. ട്രഷറി ഓപ്പറേഷന്‍സ് 129 കോടി രൂപയുടെ നേട്ടം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 25 കോടി രൂപയായിരുന്നു.

ഗ്രൂപ്പ് കമ്പനികളില്‍, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായം നാലാം പാദത്തില്‍ 190 ശതമാനം ഉയര്‍ന്ന് 185 കോടി രൂപയായി. എന്നാല്‍ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ അറ്റദായം 313 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 346 കോടി രൂപയായിരുന്നു. ഐസിഐസിഐ സെക്യൂരിറ്റീസും, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിയും ഈ പാദത്തില്‍ യഥാക്രമം 340 കോടി രൂപയും, 357 കോടി രൂപയും അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഇവ ഏറെക്കുറെ കഴിഞ്ഞവര്‍ഷത്തേതിനു തുല്യമായിരുന്നു.

Author

Related Articles