News

879 കോടി രൂപ പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

മുംബൈ: പോളിസി ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ബോണസ് നല്‍കാറുണ്ട്. അത് കൂടി കണക്കാക്കിയാണ് ഉപഭോക്താക്കള്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാറും ഉള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മികച്ച സമ്പാദ്യമായി ഇന്‍ഷുറന്‍സ് പോളിസികള്‍മാറുന്നതും അങ്ങനെ തന്നെ. ഇത്തവണ പോളിസി ഉടമകള്‍ക്ക് ബോണസ് ആയി 879 കോടിയാണ് ഒരു ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നത്. തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷമാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് ബോണസ് നല്‍കുന്നത്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ആണ് പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ, കഴിഞ്ഞ തവണ നല്‍കിയതിനേക്കാള്‍ പത്ത് ശതമാനം അധികം ബോണസ് നല്‍കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തില്‍ വന്ന എല്ലാ പോളിസി ഉടമകള്‍ക്ക് മുഴുവന്‍ ഈ ബോണസിന് അര്‍ഹതയുണ്ട് എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. മൊത്തം 9.8 ലക്ഷം പാര്‍ട്ടിസിപ്പേറ്റിങ് പോളിസി ഉടമകളാണ് ഐസിഐസിഐ െപ്രുഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സിന് കീഴില്‍ ഉള്ളത്. ബോണസ് തുക, പോളിസി ഉടമകളുടെ ബെനഫിറ്റ്സില്‍ ചേര്‍ക്കപ്പെടും.

കമ്പനിയുടെ ലാഭവിഹിതമാണ് ബോണസ്. ഇത്തരത്തില്‍ ലഭിക്കുന്ന ലാഭവിഹിതം പോളിസി ഉടമയുടെ ഉറപ്പുള്ള മച്വരിറ്റ് ബെനിഫിറ്റിലേക്കാണ് ചേര്‍ക്കപ്പെടുക. ഇതുവഴി ഉപഭോക്താവിന്റെ സഞ്ചിത തുകയില്‍ വലിയ നേട്ടവും ഉണ്ടാകും. ഇത്തവണത്തെ ലാഭവിഹിതത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം ആണിത്. 20 വര്‍ഷമായി ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യമുള്ള സ്ഥാപനം ആണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്.

2001 ല്‍ ആയിരുന്നു ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഐസിഐസിഐ ബാങ്കിന്റേയും പ്രുഡന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഹോള്‍ഡിങ്സിന്റേയും സംയുക്ത സംരംഭമാണിത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഇന്‍ഷുറന്‍സ് കമ്പനി കൂടിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്.

Author

Related Articles